അംബാനിയുടെ ജിയോയ്ക്കും തകർച്ച നേരിടുന്നതായി റിപ്പോർട്ട്. 2024 സെപ്തംബർ മാസത്തിൽ മാത്രം ജിയോയ്ക്ക് നഷ്ടമായത് 79 ലക്ഷം ഉപയോക്താക്കളാണ്. രാജ്യത്തെ കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
ജിയോയുടെ തകർച്ച രാജ്യത്തെ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിന് വളമാകുന്നുണ്ട്. ബിഎസ്എൻഎല്ലിന് ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ട്. സെപ്തംബർ മാസത്തിൽ മാത്രം ബിഎസ്എൻഎൽ 8.5 ലക്ഷം ഉപയോക്താക്കളുടെ വർദ്ധനവാണ് ഉണ്ടായത്. ഭാരതി എയർടെല്ലിന് സെപ്തംബറിൽ 14 ലക്ഷം ഉപയോക്താക്കളാണ് നഷ്ടമായത്. വിഐക്ക് നഷ്ടമായത് 15 ലക്ഷം ഉപയോക്താക്കൾ. ഈ മൂന്ന് കമ്പനികൾക്ക് മാത്രമായി പത്ത് മില്യണിലധികം ഉപയോക്താക്കളാണ് സെപ്തംബർ മാസത്തിൽ മാത്രം നഷ്ടമായത്.
രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 2024 ഓഗസ്റ്റ് അവസാനത്തിൽ 1,163.83 ദശലക്ഷമായിരുന്നു. എന്നാൽ സെപ്തംബർ അവസാനത്തോടെ ഇത് 1,153.72 ദശലക്ഷമായി കുറഞ്ഞു. 0.87 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നഗര പരിധിയിൽ വരിക്കാരുടെ എണ്ണം 633.21 ദശലക്ഷത്തിൽ നിന്ന് 628.12 ദശലക്ഷമായി കുറഞ്ഞു. ഗ്രാമീണമേഖലയിലെ വരിക്കാർ ഇതേ കാലയളവിൽ 530.63 ദശലക്ഷത്തിൽ നിന്ന് 525.60 ദശലക്ഷമായും കുറഞ്ഞു.