തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) പതിന്മടങ്ങായി തിരിച്ചടയ്‌ക്കണമെന്ന് കേന്ദ്ര സർക്കാർ. വിജിഎഫുമായി ബന്ധപ്പെട്ട തീരുമാനം പിൻവലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് കേന്ദ്ര ധനമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (ധനമന്ത്രാലയം) രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ ചെയ്‌തത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസന്റ് മൂല്യം (എൻപിവി) അടിസ്ഥാനമാക്കി തിരിച്ചടയ്‌ക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചു. ലഭിക്കുന്ന തുക 817.80 കോടി രൂപയാണെങ്കിൽ തിരിച്ചടവിന്റെ കാലയളവിൽ പലിശയിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽനിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10000-– 12000 കോടി രൂപയായി തിരിച്ചടക്കേണ്ടി വരും. 2034ൽ സംസ്ഥാനത്തിന് തുറമുഖത്തിൽനിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ അതിന്റെ 20 ശതമാനം നൽകണമെന്നാണ് ആവശ്യം. കേന്ദ്ര സർക്കാർ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തിൽ പുലർത്തിവന്ന നയത്തിൽനിന്നുള്ള വ്യതിയാനമാണിത്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പദ്ധതിക്കുപോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സർക്കാർ വച്ചിരുന്നില്ല. കൊച്ചി മെട്രോയ്‌ക്കുവേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വിജിഎഫിന്റെ സ്‌റ്റാൻഡേർഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്. കൊമേഷ്യൽ ഓപറേഷൻ ആരംഭിക്കുന്നതിന് മുമ്പ് വിഴിഞ്ഞത് 70 കപ്പൽ വന്നുപോയി.