Celebrities

നര മറയ്ക്കാതെ സംയുക്ത വർമ; സഹോദരിക്കൊപ്പം സെൽഫി, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ നായകന്റെ വീടിന്റെ ഗേറ്റ് കടന്നു വന്ന സുന്ദരി പെൺകുട്ടി മലയാളികളുടെ പ്രിയതാരമായി മാറിയത് വളരെ പെട്ടെന്നാണ്. വിവാഹ ശേഷം സിനിമാ അഭിനയം അവസാനിപ്പിച്ചെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇരുപത് വയസ്സായിരുന്ന സംയുക്തയ്ക്ക്. വെറും മൂന്നു വർഷം മാത്രം നീണ്ടു നിന്ന സിനിമാ കരിയറിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും നേടി.

സോഷ്യൽ മീഡിയയില്‍ സംയുക്ത പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ നരയുള്ള മുടി മറയ്ക്കാതെ ആരാധകർക്കു മുൻപിലെത്തിയ സംയുക്തയുടെ ചിത്രത്തിനും മനസു നിറഞ്ഞ് ലൈക്കുകൾ നൽകുകയാണ് പ്രേക്ഷകർ.

ഔദ്യോഗിക പേജിൽ പങ്കുവച്ച ചിത്രത്തിലാണ് മേക്കപ്പില്ലാതെ സഹോദരിക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടത്. സഹോദരി സംഘമിത്രയ്ക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. ‘ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാർ’, സംയുക്ത വർമ കുറിച്ചു.

വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സ്വകാര്യ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. യോഗയിൽ പരിശീലനം നേടിയിട്ടുള്ള താരം നല്ലൊരു യോഗാഭ്യാസി കൂടിയാണ്. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.