ബോക്സ് ഓഫീസിൽ സകല റെക്കോർഡുകളും തകർത്തുകൊണ്ടാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2 ദി റൂൾ മുന്നേറുന്നത്. ചിത്രം ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 800 കോടി കടന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കുന്നില്ല. അടുത്തകാലത്തായി ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഹൈപ്പുമായാണ് അല്ലു അർജുൻ നായകനായ ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം തന്നെ മുന്നൂറ് കോടിയിലധികം രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഇത് തന്നെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റെക്കോർഡ് കളക്ഷനുകളിൽ ഒന്നാണ്.
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ 1000 കോടി കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ചിത്രമായി അടുത്ത ദിവസങ്ങളിൽ തന്നെ പുഷ്പ 2 മാറുമെന്നാണ് വിവരം. നിലവിൽ റിലീസ് ചെയ്‌ത് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ കളക്ഷൻ കണക്കുകളിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അല്ലു അർജുൻ ചിത്രം. വിദേശ മാർക്കറ്റുകളിലും ചിത്രം വലിയ രീതിയിൽ വർക്കായിട്ടുണ്ട്.
തെലുങ്കിനേക്കാള്‍ ഹിന്ദി പതിപ്പാണ് ആരാധകര്‍ കൂടുതല്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയം. ട്രേഡ് അനലിസ്റ്റ് രമേശ് ബാല എക്സില്‍ പങ്കുവച്ച പോസ്റ്റിലാണ് കളക്ഷൻ 800 കോടി കവിഞ്ഞ വിവരമുള്ളത്. ഇനി അതിവേഗം ആയിരം കോടി തികയ്ക്കുമെന്നും അവകാശവാദമുണ്ട്. ഹിന്ദി പതിപ്പ് ഇന്ത്യയില്‍ 80 കോടി രൂപയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. ആദ്യഭാഗത്തിന്റെ മുഴുവന്‍ കളക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി.
അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ കളക്ഷൻ 1000 കോടി എന്ന മാന്ത്രിക സംഖ്യ മറികടക്കും എന്നാണ് കരുതപ്പെടുന്നത്. ഞായറാഴ്‌ച മാത്രം ചിത്രം 160 കോടിയോളം രൂപ കളക്ഷനായി സ്വന്തമാക്കിയിരുന്നു. ഇതോടെ ഏറ്റവും വേഗത്തിൽ 1000 കോടി കളക്ഷൻ എന്ന നേട്ടം അല്ലുവിന് അകലെയല്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുകയാണ് രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരിക്കുന്നത്.
അല്ലു അർജുൻ പുഷ്‌പരാജ് എന്ന ചന്ദനക്കള്ളക്കടത്ത് കാരനായാണ് ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നു. ശ്‌മിക മന്ദാനയാണ് നായിക. പ്രകാശ് രാജ്, റാവു രമേശ്, സുനിൽ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
അല്ലു അർജുന്‍ പുഷ്പ–2ല്‍ അഭിനയിക്കാന്‍ 300 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കമൽഹാസൻ, രജനീകാന്ത്, വിജയ്, അജിത്, പ്രഭാസ് തുടങ്ങിയ സൂപ്പർ താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്‍റെ ഇരട്ടിയാണിത്.