ഇടുക്കിക്കാരുടെ ഒരു സ്പെഷ്യൽ വിഭവമാണ് കപ്പ ബിരിയാണി. കല്യാണ തലേന്നൊക്കെ ഈ കപ്പ ബിരിയാണി എല്ലാവരും കൂടി ആസ്വദിച്ചിരുന്ന് കഴിക്കുന്ന കാഴ്ച വയറിനൊപ്പം മനസ്സും നിറക്കുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ സ്പെഷ്യൽ രുചികരമായ കപ്പ ബിരിയാണി തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
കപ്പ – ഒരു കിലോ
എല്ലോടുകൂടിയ മാട്ടിറച്ചി – ഒരു കിലോ
സവാള – മൂന്ന് ചെറുത്, അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്
വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്
കറിവേപ്പില – ഒരു പിടി
മുളകുപൊടി – നാലു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത്
തയ്യാറാക്കുന്ന രീതി
ആദ്യം കപ്പയാണ് തയ്യാറാക്കേണ്ടത്. കപ്പ വേവിച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഇറച്ചി കഴുകി വാരിവെക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, എന്നിവയും പൊടികളും ചേർത്തിളക്കി വെള്ളം ചേർക്കാതെ വേവിക്കുക. ഇറച്ചി വേവുന്ന സമയം കൊണ്ട് തേങ്ങ എണ്ണയില്ലാതെ വറുത്ത് ചുവന്ന നിറം ആയിവരുമ്പോൾ ഓരോ നുള്ളു വീതം മല്ലിപ്പൊടിയും മുളകുപൊടിയും മസാലപ്പൊടിയും ചേർത്തിളക്കി വാങ്ങി അരച്ചു വയ്ക്കുക. ഇറച്ചി നന്നായി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചൂറ്റിയ കപ്പ ചേർത്തു നന്നായി യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി വറുത്തരച്ച തേങ്ങാ മിശ്രിതം ചേർത്തു റൂൾത്തടി കൊണ്ടു നന്നായി ഉടച്ചിളക്കി ചൂടോടെ വിളമ്പുക.