Kozhikode

മലബാറിലെ ടൂറിസം സാധ്യത: ബിടുബി ചര്‍ച്ചയുമായി ടൂറിസം വകുപ്പ്

സവിശേഷതയാര്‍ന്ന മലബാറിന്‍റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ് സംഘടിപ്പിക്കും. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

മെട്രോ എക്സ്പെഡീഷന്‍, ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് ‘ഗേറ്റ് വേ ടു മലബാര്‍: എ ടൂറിസം ബി2ബി മീറ്റ്’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സാഹതികത, സ്വാദൂറുന്ന ഭക്ഷണം, കലകള്‍, പാരമ്പര്യം, ഐതിഹ്യം തുടങ്ങി പ്രാദേശികമായ തനത് മനോഹാരിതകള്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. കോഴിക്കോട് റാവിസ് കടവില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് ബിസിനസ് മീറ്റ് നടക്കുക.

മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായാണ് ബിടുബി മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രാദേശിക സേവന ദാതാക്കള്‍, പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസം മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ തമ്മിലുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ഇത് വഴിയൊരുക്കുമെന്നും ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസത്തില്‍ മികച്ച സാധ്യതകളാണ് മലബാറിനുള്ളത്. സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേയ്ക്ക് മലബാറിനെയും ചേര്‍ക്കേണ്ടതായുണ്ട്. പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുന്നതിനും ദേശീയ-അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ മലബാറിന്‍റെ സ്ഥാനം അടയാളപ്പെടുത്തുന്നതിനും ബിടുബി മീറ്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 27 മുതല്‍ 29 വരെ കോഴിക്കോട് നടക്കുന്ന ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ബിടുബി മീറ്റില്‍ ഉന്നത ഉദ്യോഗസ്ഥരും ടൂറിസം രംഗത്തെ വിദഗ്ധരുമായി നെറ്റ് വര്‍ക്കിംഗ് സാധ്യതകള്‍ സൃഷ്ടിക്കുന്നതിന് സാധിക്കും. നിക്ഷേപ സാധ്യതകളെ സംബന്ധിച്ചും അവസരങ്ങളെ പറ്റിയും വ്യക്തമായ ധാരണ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതിനും ഇത് വേദിയാകും.

ടൂറിസം മേഖലയിലെ പ്രമുഖര്‍ക്ക് മലബാറിന്‍റെ സാഹസിക വിനോദ സഞ്ചാര സാധ്യതകള്‍ നേരിട്ട് അനുഭവിക്കാനും പ്രദേശത്തിന്‍റെ തനത് രുചികള്‍, കലകള്‍, ഐതിഹ്യങ്ങള്‍ എന്നിവ പരിചയപ്പെടുന്നതിനും ആസ്വദിക്കുന്നതിനും അവസരമുണ്ടാകും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍ എന്നിവിടങ്ങളിലെ മനോഹരമായ വേദികളില്‍ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലോത്സവമായ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിലേക്കുള്ള പ്രവേശനവും ഇത് സുഗമമാക്കും. കൂടാതെ സാഹസിക കായികയിനങ്ങള്‍, സാംസ്കാരിക ആഘോഷങ്ങള്‍, രുചിവൈവിധ്യങ്ങള്‍ എന്നിവയുടെ സമ്മേളനത്തിനും വാട്ടര്‍ ഫെസ്റ്റ് വേദിയാകും.

കേരളത്തിന് പുറത്തുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്‍റുമാരും പരിപാടിയുടെ ഭാഗമാണ്. രണ്ട് രാത്രികളിലെ താമസവും ഭക്ഷണവും അവര്‍ക്ക് സൗജന്യമായിരിക്കും. എല്ലാ അപേക്ഷകളും ബിടുബി കമ്മിറ്റി പരിശോധിക്കുകയും യോഗ്യതയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ നല്‍കുകയും ചെയ്യും.