രാഷ്ട്രീയ പാര്‍ട്ടികളെ പോഷ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഉന്നയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോഷ് നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഹർജിക്കാരിക്ക് നിര്‍ദേശം നല്‍കിയത്.
പോഷ് നിയമം നടപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം ജി യോഗമായയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും ഒന്‍പത് ദേശീയ പാര്‍ട്ടികളെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ പോഷ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേരള ഹൈക്കോടതി നേരത്തെ വിധി പ്രസ്താവിച്ചിട്ടുണ്ട്. ആ വിധി ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും വാദത്തിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പോഷ് നിയമം ജോലി ചെയ്യുന്ന എല്ലാ മേഖലയിലെ പ്രശ്‌നബാധിതരായ സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായി ഹര്‍ജിക്കാരിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ലെങ്കില്‍ ഹര്‍ജിയുമായി സമീപിച്ചാല്‍ പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, മന്‍മോഹന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഈ നിര്‍ദേശം ഹര്‍ജിക്കാരി അംഗീകരിച്ചതോടെ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി.