Travel

ഇടുക്കിയിലെ മിടുക്കിയായ കുമളിയുടെ സൗന്ദര്യ കാഴ്ചകൾ കാണാം

ഇടുക്കിയിലെ ഒരു സ്വപ്ന സുന്ദര ചെറുപട്ടണം അതാണ് കുമളി. കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്‌നാടിന്റെ അതിർത്തിയിലാണ് കുമളി സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ അങ്ങോട്ടേക്കുള്ള യാത്രകളെല്ലാം കുമളിയിൽ കുടിയാണ് കടന്നു പോകുന്നത്. കൊല്ലം-മധുര ദേശീയപാത 183 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു. മുന്തിരിപ്പാടങ്ങൾ നിറഞ്ഞ് മനോഹര തോപ്പും തേനിയും മേഘങ്ങളുടെ സൈന്ദര്യം കാണിച്ചു തരുന്ന മേഘമലയും സുരുളി വെള്ളച്ചാട്ടവും ഒക്കെ ഇവിടെ നിന്നും എളുപ്പത്തിൽ പോയി വരാന്‍ സാധിക്കുന്ന ഇടങ്ങളാണ്. കൂടാതെ തേക്കടി, പെരിയാർ വന്യജീവി സങ്കേതം , മംഗളാദേവി ക്ഷേത്രം ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്. കാർഡമോം കുന്നും പെരിയാർ കടുവ സംരക്ഷിത പ്രദേശവും ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇത് വിനോദസഞ്ചാരികളുടെ ഇഷ്ട മേഖലയാണ്. ഇടുക്കിയിലെ എല്ലാ ഇടങ്ങളും സഞ്ചരികൾക്ക് പ്രിയപ്പെട്ടതാണെങ്കിലും അതിൽ കുറച്ച് സ്നേഹം അധികം തോന്നുന്ന ഇടം കുമളിയാണ്. കോടമഞ്ഞ് പൊതിഞ്ഞ തേയിലത്തോട്ടങ്ങൾക്കിടയിൽ സാധാരണക്കാരായ ആളുകൾ ജീവിക്കുന്ന ഇവിടം കണ്ടാൽ ഒരിക്കലും പിന്നെ തിരിച്ചുപോകാൻ തോന്നില്ല. അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടുപോകും ഈ ചെറുപട്ടണം.

മുന്തിരിപ്പാടങ്ങൾ പൂത്തു നിൽക്കുന്ന കാഴ്ചയാണ് ഇവിടേക്ക് കൂടുതലും സഞ്ചാരികളെ ആകർഷിക്കുന്നത്. തനി ഗ്രാമീണ മേഘലയായ ഇവിടെ എത്തിച്ചേരുന്നത് കൂടുതലും മലയാളികളാണ്. വൈഗ നദി ചുറ്റിയൊഴുകുന്ന ഇവിടെ ബോദി മേട്ട്, കുമ്പക്കരൈ വെള്ളച്ചാട്ടം, വീരപാണ്ടി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം. കുമളിയിൽ നിന്നും 91 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന മേഘമലൈ പ്രകൃതിഭംഗിയുടെ കാര്യത്തിൽ എടുത്തുപറയേണ്ട ഒരിടം തന്നെയാണ്. മൂന്നാറിനേക്കാളും സൗന്ദര്യം നിറഞ്ഞ ഇവിടെ എല്ലായ്പ്പോഴും വീശുന്ന കാറ്റും കോടമഞ്ഞുമാണ് പ്രത്യേകത. പതിനെട്ടോളം വളവുകൾ കയറി മാത്രം എത്തുന്ന ഇവിടേക്കുള്ള ഈ യാത്രയാണ് കാര്യം. മുകളിലെത്തിയാൽ അങ്ങനെ വലിയ കാഴ്ചകളൊന്നും കാണാനില്ല. പക്ഷെ ആ നടത്തവും കയറ്റവും ആകാശം അടുത്ത് കാണുന്നതുമാണ് വലിയ അനുഭൂതി. തൂവാനം ഡാം, മഹാരാജാമേട് വ്യൂ പോയിന്റ്, വെള്ളിമല, മേഘമലൈ വെള്ളച്ചാട്ടം, ഒക്കെയാണ് ഇവിടെ പോകുവാൻ പറ്റിയ സ്ഥലങ്ങൾ.