അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നൊരുസവിശേഷത കൂടിയുണ്ട്. മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും നൂറ്റിയൊന്നും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും നൂറ്റി പത്തും സംസ്‌കൃതോത്സവത്തില്‍ പത്തൊമ്പതും, അറബിക് കലോത്സവത്തില്‍ പത്തൊമ്പതും ഇനങ്ങളിലായി ആകെ 249 മത്സരങ്ങളാണുളളത്.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനില്‍ വച്ച് 2024 നവംബര്‍ 12ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നിരുന്നു. ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക നായകന്മാര്‍, സന്നദ്ധസംഘടനാ പ്രിതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
തുടര്‍ന്ന് കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 19 സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ യോഗത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട മുന്നൂറോളം പേര്‍ പങ്കെടുത്തിരുന്നു. കലോത്സവത്തിന്റെ നടത്തിപ്പിനായി നഗര പരിധിയിലുളള 25 വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഭക്ഷണ വിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കായും പ്രത്യേകം വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
തെരഞ്ഞെടുത്ത എല്ലാ വേദികളിലും പ്രോഗ്രാം, സ്റ്റേജ് & പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഭക്ഷണം എന്നീ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത് സെന്‍ട്രല്‍ സ്റ്റേഡിയം ആണ്. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനവും തെരഞ്ഞെടുത്തിട്ടുണ്ട്.
2024 നവംബര്‍ 21 ല്‍ കമ്മിറ്റി കണ്‍വീനര്‍മാരുടെ ഒരു റിവ്യൂ മീറ്റിംഗ് അഡീഷണല്‍ ഡയറക്ടര്‍മാരുടെ (ജനറല്‍ & അക്കാദമിക്) നേതൃത്വത്തില്‍ ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുള്ള ടെന്‍ഡര്‍ നടപടികള്‍ ഈ മാസം 18 ന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ സബ് കമ്മിറ്റികളും ബന്ധപ്പെട്ട ചെയര്‍മാന്മാരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കലോത്സവത്തിനുളള ലോഗോ ക്ഷണിക്കുകയും ആയതില്‍ നിന്നും ശ്രീ.അസ്ലം തിരൂര്‍, ആഷിയാന, മീനടത്തൂര്‍, തിരൂര്‍ രൂപകല്‍പന ചെയ്ത ലോഗോയാണ് ഈ മേളയുടെ ലോഗോയായി തെരെഞ്ഞെടുത്തിട്ടുള്ളത്. വിധികര്‍ത്താക്കള്‍ക്കും, ഒഫിഷ്യല്‍സിനും താമസിക്കുന്നതിനായി തിരുവനന്തപുരം നഗര പരിധിയിലെ വിവിധ ഹോട്ടലുകളിലായി മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ 25 സ്‌കൂളുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പ്രത്യേകം, പ്രത്യേകം സ്‌കൂളുകളാണ്
ഒരുക്കുന്നത്.
കനകക്കുന്നു മുതല്‍ കിഴക്കേകോട്ട വരെയുള്ള നഗരവീഥിയില്‍ ദീപാലങ്കാരം ഒരുക്കുന്നത് ആലോചിക്കും. ഓരോ വേദിയിലും കുട്ടികള്‍ക്ക് എത്തുന്നതിന് സഹായിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കും. എല്ലാ അക്കോമഡേഷന്‍ സെന്ററുകളിലും വേദികള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിയ്ക്കും. സ്വര്‍ണ്ണ കപ്പ് എല്ലാ ജില്ലകളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് തലസ്ഥാന നഗരിയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.
content highlights; Anantapuri for Adolescent Art: 63rd School Art Festival 2025 January 4 to 8; For the first time in history tribal dance groups were added