Kerala

മുനമ്പം: റവന്യൂ വകുപ്പും വഖഫ് ബോര്‍ഡും ഫാറൂഖ് കോളജും നിലപാട് അറിയിക്കണം, കത്തയച്ച്‌ ജുഡീഷ്യല്‍ കമ്മീഷന്‍

രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിലപാട് തേടി സർക്കാർ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ചു. റവന്യൂ വകുപ്പ്, വഖഫ് ബോര്‍ഡ്, ഫാറുഖ് കോളജ് തുടങ്ങിയവയ്ക്കാണ് കത്തയച്ചത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

ഭൂമിയുടെ രേഖകള്‍, സ്വഭാവം, ക്രയവിക്രയം എല്ലാം അറിയിക്കാനാണ് കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. മുനമ്പം ആക്ഷന്‍ കൗണ്‍സിലിനോടും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വിവരം തേടിയിട്ടുണ്ട്. ജനുവരിയില്‍ ഹിയറിങ് തുടങ്ങുമെന്നാണ് ജുഡീഷ്യല്‍ കമ്മീഷന്‍ അറിയിക്കുന്നത്.

മുനമ്പം ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നോഡൽ ഓഫീസറായ തഹസിൽദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു. മുനമ്പം ഭൂമി പ്രശ്നം പഠിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.