കേരള സ്റ്റാര്‍ട്ടപ് മിഷന്‍, സി.പി.സി.ആര്‍.ഐ, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്‍റെ (ആര്‍ഐബിസി) മൂന്നാം എഡിഷന്‍ ഡിസംബര്‍ 14, 15 തിയതികളില്‍ കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ യില്‍ വെച്ച് നടക്കും. ആര്‍ഐബിസിയുടെ ആദ്യ രണ്ട് എഡിഷനുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗ്രാമീണ-കാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, കാര്‍ഷിക- ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന പാനലുകള്‍, കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രമുള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വാണിജ്യ സാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി നിരവധി പരിപാടികളാണ് നടക്കുന്നത്.
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിയാസ് പിഎം, കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സിലര്‍ വിന്‍സന്‍റ് മാത്യു, ഐസിഎആര്‍ എഡിജി നീരു ഭൂഷണ്‍, ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ കെ ബാലചന്ദ്ര ഹെബ്ബാര്‍, വിവിധ ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍മാര്‍, ഫ്രഷ് ടു ഹോം സ്ഥാപകന്‍ മാത്യു ജോസഫ്, മറ്റു നിരവധി സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, സോഷ്യല്‍ സ്റ്റാര്‍ട്ടപ് നിക്ഷേപകരില്‍ പ്രമുഖരായ നാഗരാജ പ്രകാശം, സുരേഷ് കെ കൃഷ്ണ, ഹരി കൃഷ്ണന്‍ എന്നിവര്‍ വ്യത്യസ്ത നിക്ഷേപക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
കോണ്‍ക്ലേവിന്‍റെ ഭാഗമായി റൂറല്‍-അഗ്രിടെക് ഹാക്കത്തോണും സംഘടിപ്പിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അപേക്ഷിച്ച 160 ടീമുകളില്‍ നിന്ന് 20 ടീമുകള്‍ ഹാക്കത്തോണില്‍ പങ്കെടുക്കും.
കാര്‍ഷിക മേഖലകള്‍ക്കു ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും, ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ വെച്ച് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
സാങ്കേതിക സഹായം ആവശ്യമായവര്‍ക്ക് അതാത് മേഖലയിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്‍കും. മികച്ച പരിഹാരം നിര്‍ദേശിക്കുകയും പ്രവര്‍ത്തന മാതൃക വികസിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ധനസഹായം ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷനിലോ സി.പി.സി.ആര്‍.ഐ ഇന്‍ക്യൂബറ്ററിലോ പ്രവേശനവും ലഭിക്കും. കൂടാതെ കാര്‍ഷിക- ഭക്ഷ്യോത്പാദന മേഖലകളിലെ പരിഹാരം നിര്‍ദേശിക്കുന്നവര്‍ക്ക് സി.പി.സി.ആര്‍.ഐ യുമായി ചേര്‍ന്ന് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതിനും അവസരവും ഉണ്ടാകും.
വനിത സംരംഭകത്വ വികസന പരിപാടി, സാമൂഹിക പ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ബൂട്ട്ക്യാമ്പ്, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍ക്കുള്ള പ്രത്യേക മെന്‍റര്‍ഷിപ് സെഷനുകള്‍ എന്നിവ കോണ്‍ഫെറെന്‍സിന്‍റെ ഭാഗമായി നടക്കും.