ഉള്ളിയും സവാളയും വാങ്ങി അതിലെ തൊലി കളയുമ്പോള്‍ കാണാറുള്ള സ്ഥിരം കാഴ്ചയാണ് ഇവയിലെ കറുത്ത പൂപ്പല്‍ പോലെയുള്ള നിറം.
ഉള്ളിയും സവാളയും പെട്ടെന്ന് അഴുകിപ്പോകുന്നതും പലരും നേരിടുന്ന പ്രശ്‌നമാണ്. ഇത്തരത്തിൽ തൊലിയില്‍ കറുത്ത നിറം ഉള്ള ഉള്ളിയും സവാളയും എല്ലാം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോയെന്നത് പലരുടെയും സംശയമാണ്.
ആസ്‌പർജിലെസ് നൈഗർ എന്ന ഒരുതരം പൂപ്പലാണ് സവാളയിൽ കാണുന്ന ഈ കറുത്ത നിറം. താപനിലയിലെ വ്യതിയാനങ്ങളാണ് ഉള്ളിയിൽ പൂപ്പൽ ഉണ്ടാകാനുള്ള കാരണം. ഇത് വലിയ അപകടകാരിയല്ല. എന്നാല്‍, ഇത്തരം പൂപ്പല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
ഇത്തരം പൂപ്പൽ ചിലരിൽ ഓക്കാനം, ഛർദ്ദി, വയറുവേദന, തലവേദന, വയറിളക്കം, ശ്വാസതടസം, തളർച്ച, ചുമ എന്നീ അസ്വസ്ഥകള്‍ ഉണ്ടാവാന്‍ കാരണമാകാറുണ്ട്. അലർജിയുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത്.
അതുകൊണ്ട് തന്നെ, സവാളയും ഉള്ളിയും മുൻപ് തൊലി കളഞ്ഞ് നന്നായി കഴുകി വേണം ഉപയോഗിക്കാൻ. സാധാരണ നിലയിൽ ഇത്തരത്തിൽ നന്നായി കഴുകിയാല്‍ പൂപ്പലും കറുത്ത പാടുകളും മാറേണ്ടതാണ്. എന്നാൽ നന്നായി കഴുകിയിട്ടും പൂപ്പലും മറ്റും മാറുന്നില്ലെങ്കിൽ അത് ആഹാരം പാകം ചെയ്യുന്നതിനായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പൂപ്പലുകൾ സാധാരണയായി ഉള്ളിയുടെ പുറം പാളിയിലാണ് കാണപ്പെടുന്നത്.