India

2024 ഇന്ത്യന്‍ രാഷ്ട്രീയവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും: ഒരു തിരിഞ്ഞുനോട്ടം

2024-ലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു സംക്ഷിപ്ത പരിചയം

2024-ലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടുത്ത മത്സരവും പുതിയ വളര്‍ച്ചാ സാധ്യതകളും നിറഞ്ഞുവന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍, ജനസംഖ്യാ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധികള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവ രാഷ്ട്രീയപരമായ ചര്‍ച്ചകളില്‍ പ്രധാനമായും ഉള്‍പ്പെടുത്തി.

ഇക്കാലഘട്ടത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ വലിയ പ്രാധാന്യം വഹിച്ചിരുന്നു, ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ സഖ്യങ്ങള്‍ രൂപപ്പെട്ടു. ദേശീയ തലത്തില്‍ ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും തങ്ങളുടെ തന്ത്രങ്ങളും മുതലായവ ഉപയോഗിച്ച് ശക്തമായ മത്സരത്തിനിറങ്ങി.

വളര്‍ച്ചാ കാര്യങ്ങളില്‍ പ്രത്യേകമായി കേന്ദ്രീകരിച്ചുകൊണ്ട്, വികസന പദ്ധതികള്‍, തൊഴിലവസരങ്ങള്‍, സാമൂഹിക നീതി, ഭൂരിപക്ഷ-ഇസ്ലാം ബന്ധങ്ങള്‍, ഫലപ്രദമായ ഭരണഘടനാപരമായ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സജീവമായ സംവാദങ്ങള്‍ ഉണ്ടായി. ഇന്ത്യന്‍ ജനങ്ങള്‍ 2024-ല്‍ അവരുടെ തീരുമാനങ്ങളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി രൂപപ്പെടുത്തിയതും ഈ വര്‍ഷത്തെ രാഷ്ട്രീയ ഇടപെടലിന്റെ മുഖ്യഭാഗമായിരുന്നു.

പതിനെട്ടാമത് പാര്‍ലമെന്ററി ഇലക്ഷനില്‍ സംഭവിച്ചത്

2024 ല്‍ നടന്ന പതിനെട്ടാം ലോക്സഭ തിരഞ്ഞെടുപ്പ് ലോകം തന്നെ ഉറ്റുനോക്കിയ ഒന്നായിരുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ അഗര്‍ത്തല വരെയുമുള്ള ഇന്ത്യയിലെ കോടിക്കണക്കിന് വോട്ടര്‍മാര്‍ മുള്‍മുനയില്‍ നിന്ന തിരഞ്ഞെടുപ്പായിരുന്നു 2024 ല്‍ നടന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 19-ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 26-ന് നടന്നു. മേയ് ഏഴിനാണ് മൂന്നാംഘട്ടം. മേയ് 13-ന് നാലാം ഘട്ടവും മേയ് 20-ന് അഞ്ചാം ഘട്ടവും നടന്നു. മേയ് 25-ന് ആണ് ആറാം ഘട്ടംനടന്നത്. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പും പൂര്‍ത്തിയായി. കേരളത്തില്‍ ഏപ്രില്‍ 26 ന് ആണ് വിധിയെഴുത്ത് നടന്നത്.

തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കും കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. 400 പ്ലസ് സീറ്റുകള്‍ ലഭിക്കും എന്ന അവകാശവാദവുമായി ഇറങ്ങിയ എന്‍ഡിഎക്ക് 300 സീറ്റ് പോലും തികയ്ക്കാനായില്ല. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേക്കാണ് നടന്നത്.

ദേശീയ അംഗീകാരമുള്ള ആറ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ 744 പാര്‍ട്ടികളില്‍ നിന്ന് 8360 സ്ഥാനാര്‍ത്ഥികളാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 140 കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്തെ 97 കോടി വോട്ടര്‍മാരില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 61.2 കോടി പേരാണ്. ഇതില്‍ തന്നെ 31.2 കോടി പേര്‍ സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലേറുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാല്‍ ബിജെപിക്കെതിരെ വിശാല ഐക്യം എന്ന ആശയത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യാ സഖ്യത്തിന്റെ ലേബലിലാണ് പ്രതിപക്ഷം അണിനിരന്നത്.

1977-ല്‍ ഇന്ത്യയുടെ ആദ്യ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവു, അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ ഇത്തരം സര്‍ക്കാരുകളെ തടസ്സങ്ങളില്ലാതെ നയിച്ചിട്ടുണ്ട്. 1996ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ എന്‍ഡിഎ സഖ്യ സര്‍ക്കാര്‍. എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാനാവാതെ 13 ദിവസത്തിനുള്ളില്‍ വീണു. 1998-ല്‍ വാജ്പേയി രണ്ടാം എന്‍ഡിഎ സഖ്യത്തെ യോജിപ്പിച്ച് അധികാരത്തില്‍ തിരിച്ചെത്തി, അതിന്റെ മുഴുവന്‍ കാലാവധിയും പൂര്‍ത്തിയാക്കി. മന്‍മോഹന്‍ സിംഗ് 2004 മുതല്‍ 2014 വരെ തുടര്‍ച്ചയായി രണ്ട് കൂട്ടുകക്ഷി ഗവണ്‍മെന്റുകള്‍ നടത്തി.

പതിനെട്ടാം ലോക്സഭ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമാണ്. 2014 ലും 2019 ലും മുന്‍ മോദി സര്‍ക്കാരിന് വന്‍ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോള്‍ പുതിയ ലോക്സഭയില്‍ അതില്‍ കുറവ് സംഭവിച്ചു. 2014-ല്‍ ബി.ജെ.പി 282 സീറ്റുകള്‍ നേടി. 2019-ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ 353 സീറ്റുകള്‍ നേടി, അതില്‍ ബി.ജെ.പി മാത്രം അഭൂതപൂര്‍വമായ 303 സീറ്റുകള്‍ നേടി.

എന്നാല്‍ പതിനെട്ടാമത് ലോക്‌സഭാ ഇലക്ഷനില്‍ ബിജെപി 240 സീറ്റുകള്‍ മാത്രമാണ് നേടിയത്. ലോക്സഭയിലെ ഒറ്റ ഭൂരിപക്ഷം നഷ്ടപ്പെട്ടു, എന്നിരുന്നാലും എന്‍ഡിഎ മൊത്തം 543 സീറ്റുകളില്‍ 293 നേടി. ഇന്ത്യന്‍ സഖ്യം പ്രതീക്ഷകളെ മറികടന്ന് 234 സീറ്റുകള്‍ നേടി, അതില്‍ 99 എണ്ണം കോണ്‍ഗ്രസിന്റേതാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര ലോക്സഭാ അംഗം പാര്‍ട്ടിക്ക് പിന്തുണ നല്‍കിയതിന് ശേഷം അത് അതിന്റെ എണ്ണം 99ല്‍ നിന്നും 100 ല്‍ എത്തി. 10 വര്‍ഷത്തിന് ശേഷം ആദ്യമായി പാര്‍ട്ടിക്ക് ഔദ്യോഗിക പ്രതിപക്ഷ പദവി ലഭിച്ചെന്ന് പ്രത്യേകതയും ഉണ്ട്. ഏഴ് സ്വതന്ത്രരും ചേരിചേരാ പാര്‍ട്ടികളില്‍ നിന്നുള്ള പത്ത് സ്ഥാനാര്‍ത്ഥികളും ലോക്സഭയിലേക്ക് സീറ്റുകള്‍ നേടിയിട്ടുണ്ട്.

ലോക്സഭ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും

2024 ലെ 18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിര്‍ളയും പ്രതിപക്ഷ ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷുമാണ് പത്രിക നല്‍കിയത്.

ചരിത്രത്തിലാദ്യമായാണ് ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇതുവരെയുള്ള ലോക്സഭകളില്‍ ഏകകണ്ഠ്യേനയായിരുന്നു സ്പീക്കറെ തിരഞ്ഞെടുത്തത്. ലോക്സഭ സ്പീക്കര്‍ പദവിയില്‍ ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് സഭയിലെ കീഴ് വഴക്കം. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സമവായമാകാമെന്ന് പ്രതിപക്ഷം അംഗീകരിച്ചിരുന്നു. ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരം ഒരുങ്ങിയത്.

ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കര്‍ ശബ്ദവോട്ടോടെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാര്‍ലമെന്ററി കാര്യമന്ത്രിയും ചേര്‍ന്ന് ഓംബിര്‍ളയെ സ്പീക്കര്‍ ചെയ്‌റിലേക്ക് ആനയിച്ചു. വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഓംബിര്‍ളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടാമതും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട് ഓം ബിര്‍ള ചരിത്രം കുറിച്ചു.

2024 ലെ ലോക്‌സഭാ ഇലക്ഷന്‍ കേരളത്തില്‍

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 25 പേര്‍ വനിതകളാണ്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). അഞ്ച് സ്ഥാനാര്‍ത്ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. ലോക്‌സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം: തിരുവനന്തപുരം 12 (പിന്‍വലിച്ചത് 1), ആറ്റിങ്ങല്‍ 7(0), കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂര്‍ 9(1), ആലത്തൂര്‍ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂര്‍ 12(0), കാസര്‍കോട് 9(0) എന്നിങ്ങനെയായിരുന്നു.

അന്തിമ വോട്ടര്‍പട്ടികയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,34,394 കന്നിവോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍-367. ആകെ പ്രവാസി വോട്ടര്‍മാര്‍ -89,839, കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (33,93,884), കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല – വയനാട് (6,35,930).

എന്താണ് മോക്ക്‌പോള്‍?

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക്പോള്‍ നടത്തുന്നത്. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്പോള്‍ പ്രക്രിയ ആരംഭിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്പ്ലേ എല്ലാ സ്ഥാനാര്‍ഥികള്‍ക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോള്‍ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാര്‍ട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസര്‍ ബോധ്യപ്പെടുത്തുന്നു . അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോള്‍ നടത്തുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു.

ഇതിന് ശേഷം യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക് പോള്‍ ഫലം മായ്ക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ‘ക്ലിയര്‍ ബട്ടണ്‍’ അമര്‍ത്തുന്നു. തുടര്‍ന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്‌പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് ‘ടോട്ടല്‍’ ബട്ടണ്‍ അമര്‍ത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാര്‍ട്ട്‌മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുക.

വയനാട് ലോക് സഭാ ഇലക്ഷന്‍ ഉപതെരഞ്ഞെടുപ്പ് വയ്ക്കാന്‍ കാരണം

തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ ഗാന്ധി മണ്ഡലം ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2009ല്‍ ആണ് വയനാട് മണ്ഡലം രൂപീകരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫ് എംപിയാണ്. 2009, 2014 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ എം ഐ ഷാനവാസ് എംപിയായി. 2019ലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വിജയിച്ചതോടെ രാഹുല്‍ വയനാട് ഉപേക്ഷിച്ചു. വയനാട് ജില്ല പൂര്‍ണമായും (കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങള്‍) മലപ്പുറത്തെ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളും കോഴിക്കോട്ടെ തിരുവമ്പാടി നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം.

18-ാമത്‌ലോക്‌സഭാ ഇലക്ഷന് ആരും പ്രതീക്ഷിക്കാത്ത വിജയം ആരുടേത്?

വയനാട് ലോക്സഭയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി നേടിയത് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ്. നാലു ലക്ഷത്തിന് മുകളില്‍ അധിക വോട്ട് നേടിയാണ് പ്രിയങ്കയുടെ വിജയം.  ഇതിനൊപ്പമാണ് പാലക്കാട്ടെ മിന്നും വിജയം. പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷ വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. എന്നാല്‍ അതും കടന്ന് പതിനെട്ടായിരത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലെത്തി. അങ്ങനെ കെപിസിസിയുടെ യോജിച്ച പ്രവര്‍ത്തനം അവിടെ വിജയിച്ചു.

കേരളത്തില്‍ 2024 ല്‍ നടന്ന രാഷ്ട്രീയ മാറ്റങ്ങള്‍….

കേരളത്തില്‍ 2024 ല്‍ നടന്ന ചരിത്ര വിജയമാണ് സുരേഷ് ഗോപിയുടേത്. സംസ്ഥാനത്തെ കൊടിപിടിച്ച നേതാക്കള്‍ക്കാര്‍ക്കും സാധിക്കാതിരുന്ന നേട്ടമാണ് ഒരു സിനിമാതാരമായ സുരേഷ് ഗോപി സ്വന്തമാക്കിയിരിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും മാത്രം അരങ്ങ് നിറഞ്ഞ കേരള രാഷ്ട്രീയത്തിലേക്ക് ബിജെപിക്കൊരിടം നേടിക്കൊടുത്തിരിക്കുകയാണ് താരം. അതും തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് താരം വിജയം കുറിച്ചിരിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജനവിധി തേടിയിരുന്നു. കോളേജ് പഠനകാലത്ത് എസ്എഫ്ഐയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന താരം പിന്നീട് ഇന്ദിരാ ഗാന്ധിയില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിന്തുണച്ചിരുന്നു. 2006 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് അച്യുതാനന്ദനും പൊന്നാനി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംപി ഗംഗാധരനുവേണ്ടിയും അദ്ദേഹം പ്രചാരണം നടത്തിയിരുന്നു.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് 2016 ല്‍ ആണ് അദ്ദേഹം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. 2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയായിരുന്നു ഇത്. കേരളം ലക്ഷ്യമാക്കിയുള്ള നരേന്ദ്ര മോദി- അമിത് ഷാ ദ്വയത്തിന്റെ തുറുപ്പുചീട്ടായിരുന്നു സുരേഷ് ഗോപി. അന്ന് മുതല്‍ കേരളത്തിലെ ബിജെപി നേതാക്കളേക്കാള്‍ നരേന്ദ്ര മോദിയോടും അമിത് ഷായോടും അടുപ്പമുള്ള ആളായി സുരേഷ് ഗോപി മാറി.
അതേവര്‍ഷം തന്നെ സുരേഷ് ഗോപി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. അന്ന് മുതല്‍ കേരളത്തില്‍ ബിജെപിക്കായി സുരേഷ് ഗോപിയിലൂടെ ഒരു സീറ്റ് എന്ന തന്ത്രം കേന്ദ്രനേതൃത്വം ആവിഷ്‌കരിച്ചു. അതിന്റെ പരിസമാപ്തിയാണ് ഇപ്പോള്‍ മിന്നുന്ന ജയത്തിലൂടെ വന്നിരിക്കുന്നത്.

തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം കേരള രാഷ്ട്രീയത്തിലെ തന്നെ രണ്ട് അതികായന്‍മാരെ ബഹുദൂരം പിന്നിലാക്കിയാണ് എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസിന്റെ കേരളത്തിലെ ട്രബിള്‍ ഷൂട്ടര്‍ എന്ന വിശേഷണമുള്ള കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് സുരേഷ് ഗോപി തൃശൂരില്‍ ജയിച്ച് കയറിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പലപ്പോഴും കോണ്‍ഗ്രസിന്റെ കിംഗ് മേക്കര്‍ റോള്‍ വഹിച്ചയാളാണ് കെ മുരളീധരന്‍. 2019 ല്‍ വടകരയില്‍ പി ജയരാജനെ മുട്ടുകുത്തിച്ചതായിരുന്നു ഇതില്‍ അവസാനത്തേത്. മറുവശത്ത് വിഎസ് സുനില്‍ കുമാറെങ്കില്‍ തൃശൂരില്‍ ആരും ജയിക്കില്ല എന്ന ഇടത് ക്യാംപിന്റെ അവകാശവാദത്തേയും നിഷ്പ്രഭമാക്കിയാണ് സുരേഷ് ഗോപി കടന്നുവരുന്നത്. ഒരുപാട് പരിഹാസങ്ങള്‍ പ്രചരണരംഗത്തുടനീളം ഏറ്റുവാങ്ങിയ ആളാണ് സുരേഷ് ഗോപി.

ഈ തിരഞ്ഞെടുപ്പില്‍ ലുര്‍ദ് മാതാവിന് കിരീടം സമര്‍പ്പിച്ചതും ആ കിരീടം സ്വര്‍ണമല്ല, ചെമ്പാണ് എന്ന് പറഞ്ഞതുമെല്ലാം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരാലും സ്വീകാര്യനായിരുന്നു അദ്ദേഹം എന്നതാണ് യാഥാര്‍ത്ഥ്യം. സുരേഷ് ഗോപി രാഷ്ട്രീയത്തിന് അതീതമായി ചെയ്ത് കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സ്വീകാര്യത നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ട്രോളാന്‍ ഇത് കാരണമായെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ഇത് നേടിക്കൊടുത്തത്. ഈ ക്ലീന്‍ ഇമേജ് തന്നെയാണ് രണ്ട് വലിയ നേതാക്കളെ ഏകദേശം മുക്കാല്‍ ലക്ഷത്തോളം വോട്ടിന് പിന്നിലാക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും. മാത്രമല്ല ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും എന്ന പ്രചരണവും സഹായകമായി.

രണ്ട് തവണ തോറ്റിട്ടും മണ്ഡലത്തിലെ കാര്യങ്ങളിലെല്ലാം ഇടപെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷവും സജീവമായിരുന്നു സുരേഷ് ഗോപി. രാജ്യസഭ എംപിയെന്ന നിലയില്‍ മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എതിര്‍ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇക്കുറി സുരേഷ് ഗോപി തൃശൂരില്‍ വിജയം കൊയ്തത്. അര്‍ഹിച്ച വിജയം എന്നാണ് സുരേഷ് ഗോപിയുടെ മുന്നേറ്റത്തെ തൃശൂരുകാര്‍ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പ് മോദി അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതും തൃശൂര്‍ മണ്ഡലത്തിലായിരുന്നു.

ബിജെപിയിലേക്ക് കുടിയേറിയവര്‍…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററായിരുന്നു അനില്‍ ആന്റണി. അനിലിനെ കൂടാതെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ബിജെപിയില്‍ ചേര്‍ന്നു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

കോണ്‍ഗ്രസ് ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള പോക്കും കേരളത്തെ ഞെട്ടിച്ചിരുന്നു. ഇവരെ കൂടാതെ ജീ. രാമന്‍ നായര്‍, കെ.എസ് രാധാകൃഷ്ണന്‍, ടോം വടക്കന്‍, എ.പി. അബ്ദുള്ളക്കുട്ടി, പന്തളം പ്രതാപന്‍, സി. രഘുനാഥ്,പത്മിനി തോമസ് എന്നിവരും നരേന്ദ്ര മോഡി സര്‍ക്കാര്‍ ആദ്യം അധികാരത്തിലെത്തിയ സമയത്ത് ബിജെപിയിലേക്ക് പോയവരാണ്.

പിണറായി സര്‍ക്കാറിന് അടിപതറിയത് എവിടെ?

കടുത്ത പ്രതിസന്ധിയിലൂടെയാണ് തുടര്‍ഭരണത്തിന്റെ മൂന്നാം വര്‍ഷം പിണറായി സര്‍ക്കാര്‍ കടന്നുപോയത്. മാസം തോറും നല്‍കി വന്നിരുന്ന ക്ഷേമപെന്‍ഷന്‍ മുടങ്ങി, ചരിത്രത്തിലാദ്യമായി പണമില്ലാതെ ശമ്പളവും പെന്‍ഷനും മുടങ്ങി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. പ്രതിഛായ മെച്ചപ്പെടുത്താന്‍ നടത്തിയ നവകേരളസദസിനിടെ വ്യാപകമായി പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐക്കാര്‍ കൈകാര്യം ചെയ്തപ്പോള്‍ രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി ഓമനപ്പേരിട്ട് വിളിച്ചത് വലിയ വിമര്‍ശനം വിളിച്ചുവരുത്തി. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പൊലീസ് വകുപ്പും ആരോഗ്യവകുപ്പും ഗതാഗത വകുപ്പും എതിര്‍പ്പുകളുടെ നടുവിലാണ്. ഗുണ്ടാ-ലഹരി മാഫിയകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്നു. ഇതിനിടെ മാസപ്പടി വിവാദത്തില്‍ കുരുങ്ങി മുഖ്യമന്ത്രിയും കുടുംബവും.