ഉച്ചയൂണ് കഴിഞ്ഞിരിക്കുമ്പോൾ അല്പം മധുരം വേണമെന്ന് നിർബന്ധമുള്ളവർക്ക് ഒരു ഗുലാബ് ജാമുൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കടയിൽ പോയി ഇതിന്റെ കൂട്ട് ഒന്നും വാങ്ങി കഷ്ടപ്പെടേണ്ട പാൽപ്പൊടി കൊണ്ട് തയ്യാറാക്കാം ഈ ഗുലാബ് ജാമുൻ.
ആവശ്യമായ ചേരുവകൾ
പാൽപ്പൊടി – 1 കപ്പ്
മൈദ – ¼ കപ്പ്
ബേക്കിങ് പൗഡർ – ¼
നെയ്യ് – 1 ടേബിൾസ്പൂൺ
പാൽ – കുഴയ്ക്കാൻ ആവശ്യത്തിന്
പഞ്ചസാര – 1 ½ കപ്പ്
വെള്ളം – 1 ¼ കപ്പ്
ഏലക്കായ – 2 എണ്ണം
റോസ് വാട്ടർ – 1
തയ്യാറാക്കേണ്ട രീതി
ഒരു പാത്രമെടുത്ത് അതിലേക്ക് പാൽപ്പൊടി, മൈദ, ബേക്കിങ് പൗഡർ എന്നിവ എല്ലാം കൂടി ഒന്ന് ഇളക്കി എടുക്കാം. അതിനുശേഷം നെയ്യും കൂടി ചേർത്തു ഒന്നു യോജിപ്പിച്ചെടുക്കുക. ഇനി കുഴയ്ക്കാൻ ആവശ്യമായ പാൽ ഒഴിച്ച് കുഴച്ചെടുക്കുക. ഇനി 10 മിനിറ്റ് ഇത് മാറ്റി വയ്ക്കാം. അതിനുശേഷം മാവിൽനിന്നു ചെറിയ ഉരുളകൾ ഉരുട്ടി എടുക്കാം. വിളളലുകൾ ഇല്ലാതെ ഉരുട്ടി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇനി ചൂടായ എണ്ണയിലിട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരം.
അടുത്തതായി പഞ്ചസാരപ്പാനി ഉണ്ടാക്കാനായി ഒന്നര കപ്പ് പഞ്ചസാരയിൽ ഒന്നേകാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി എടുക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ 2 ഏലക്കായ ചതച്ചതും ഒരു റോസ് വാട്ടറും ചേർത്തു കൊടുക്കാം. മീഡിയം തീയിൽ 2 മിനിറ്റ് കൂടി പഞ്ചസാരപ്പാനി തിളപ്പിക്കാം. പഞ്ചസാരപ്പാനി ഒരുപാട് കട്ടിയാക്കുകയോ നൂൽപരുവത്തിൽ എടുക്കുകയോ വേണ്ട. ഇനി ഈ പാനിയിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ബോളുകൾ ഇടുക. അര മണിക്കൂറിനുള്ളിൽ തന്നെ ഇതിനകത്തേക്ക് മധുരം ഇറങ്ങിച്ചെന്നിരിക്കും രുചികരമായ ഗുലാബ് ജാമുൻ റെഡി.