Kerala

ട്രാന്‍സ്‌ജെന്റര്‍ യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നില്ല; ഡി.വൈ.എസ്.പി.യെ വിളിച്ചുവരുത്താന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഒറ്റയ്ക്ക് താമസിക്കുന്ന ട്രാന്‍സ്‌ജെന്റര്‍ യുവതി വീടുവയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന കരിങ്കല്ലും ചുടുകട്ടയും മോഷ്ടിച്ചിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയോ നിയമാനുസൃതം അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന പരാതിയില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി യെ വിളിച്ചുവരുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ജനുവരി 16 ന് ഡി.വൈ.എസ്.പി കമ്മീഷന്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ വാറണ്ട് അയക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കമ്മീഷന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിക്കും തിരുവനന്തപുരം റൂറല്‍ എസ്.പി ക്കും നിര്‍ദ്ദേശം നല്‍കി. ഡി.വൈ.എസ്.പി യുടെ ഹാജര്‍ ഐ.ജി. ഉറപ്പാക്കണം.

കിളിമാനൂര്‍ കാനാറ സ്വദേശിയായ ട്രാന്‍സ്‌ജെന്റര്‍ ഇന്ദിരയുടെ പരാതിയില്‍ അന്വേഷണം നടത്താനും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. ഭിന്നലിംഗക്കാര്‍ മനുഷ്യരാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ല്‍ അനുശാസിക്കുന്ന അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശം അവര്‍ക്കുണ്ടെന്നും പോലീസ് മനസ്സിലാക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. അവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. മറ്റൊരാള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അവര്‍ക്കും ലഭ്യമാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അയല്‍വാസിയായ അപ്പുണ്ണി എന്ന് വിളിക്കുന്ന അനില്‍കുമാറിനെതിരെയാണ് പരാതി.