മലമുകളില്‍നിന്ന് തെളിനീര്‍ വെളുത്ത് നുരഞ്ഞുപതഞ്ഞുവീഴുന്ന മൂന്നു മനോഹരവെള്ളച്ചാട്ടങ്ങള്‍, നിബിഡവനത്താല്‍ നിറഞ്ഞ് ശരീരത്തിനും മനസ്സിനും കുളിര്‍മയേകുന്ന പ്രകൃതിഭംഗി, ദൃശ്യചാരുതകളൊരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ് കോടഞ്ചേരിയിലെ തുഷാഗിരി ഇക്കോ ടൂറിസം സെന്റര്‍. തുഷാരഗിരി റോഡില്‍നിന്ന് നൂറുമീറ്ററോളം ഉള്ളിലാണ് ഇക്കോ ടൂറിസം സെന്ററിന്റെ പ്രധാന ഗേറ്റ്. അതിനിടയില്‍ റോഡിന് ഇടതുവശത്തായാണ് ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ പേ പാര്‍ക്കിങ്ങിനും റീഫ്രഷ്മെന്റിനും സൗകര്യമൊരുക്കിയത്.
സ്വകാര്യ കെട്ടിടങ്ങള്‍ക്ക് സമീപത്തും പാര്‍ക്കിങ് സൗകര്യമുണ്ട്. ക്യാമറയ്ക്ക് ഡി.ടി.പി.സി 40 രൂപ ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. അഞ്ചിനും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും സ്‌കൂളിന്റെ സമ്മതപത്രത്തോടെയെത്തുന്ന വിദ്യാര്‍ഥികള്‍ക്കും 20 രൂപയാണ് ഇക്കോ ടൂറിസം സെന്ററില്‍ പ്രവേശനഫീസ്. മുതിര്‍ന്നവര്‍ക്ക് നാല്പതും വിദേശികള്‍ക്ക് നൂറുരൂപയുമാണ്. രാവിലെ എട്ടരമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനം. മരങ്ങളും വള്ളികളും തണല്‍വിരിച്ചുനില്‍ക്കുന്ന പ്രവേശനകവാടവും കടന്ന് മുന്നോട്ടുനീങ്ങിയാല്‍ അടിമുടി കുളിര്‍മയുള്ള അന്തരീക്ഷവും വലതുവശത്ത് ചെറിയ ജലാധാരയൊഴുകുന്ന ഒരു പാറക്കെട്ടുമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുക.
വര്‍ഷകാലത്തെ സമൃദ്ധമായ ജലപാതവും കാട്ടരുവിയില്‍ കുളിക്കാനുള്ള സൗകര്യവും ഏത് സീസണിലും പ്രവേശനനാനുമതിയുള്ള ഈ വെള്ളച്ചാട്ടത്തെ ഹോട്ട് ഫേവറിറ്റ് സ്പോട്ടാക്കുന്നു. രണ്ടാമത്തെ ജലപാതമായ മഴവില്‍ച്ചാട്ടത്തിലേക്കും ഒരു കിലോമീറ്റര്‍ മുകളിലുള്ള തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടത്തിലേക്കും പക്ഷേ, കാലവര്‍ഷക്കാലത്തെ അപകടസാധ്യത കണക്കിലെടുത്ത് ഇപ്പോള്‍ പ്രവേശനാനുമതിയില്ല. അതുപോലെ ഏഴുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തേന്‍പാറ ട്രക്കിങ്ങിനും ഇനി നവംബര്‍വരെ കാത്തിരിക്കണം. ഈരാറ്റുമുക്ക് വെള്ളച്ചാട്ടവും തൂക്കുപാലവും കഴിഞ്ഞ് നേരെ ചെല്ലുന്നത് രണ്ടുനൂറ്റാണ്ടിലധികം പ്രായമുള്ള ഒരു താന്നിമരത്തിന് അടുത്തേക്കാണ്. അടിഭാഗം ഉള്ളുപൊള്ളയായ ഈ മരമുത്തശ്ശിക്കകത്ത് മൂന്നോ നാലോ പേര്‍ക്കോ നില്‍ക്കാം.
കോഴിക്കോട്ടുനിന്ന് ദേശീയപാത വഴി വരുന്നവര്‍ക്ക് താമരശ്ശേരി ചുരം ഒന്നാംവളവ് കഴിഞ്ഞ് ചിപ്പിലിത്തോട് ജങ്ഷനെത്തി വലത്തോട്ടുതിരിഞ്ഞ് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നേരേ തുഷാരഗിരിയിലെത്താം. അടിവാരത്തുനിന്ന് നൂറാംതോട് വഴിയും താമരശ്ശേരിയില്‍നിന്ന് കൂടത്തായ്, കോടഞ്ചേരി വഴിയും എത്താം. തിരുവമ്പാടിയില്‍നിന്ന് തമ്പലമണ്ണ, കോടഞ്ചേരി വഴിയോ നെല്ലിപ്പൊയില്‍ വഴിയോ സഞ്ചരിച്ചാലും ഇവിടെ എത്തിച്ചേരാം.
thusharagiri-waterfalls-kozhikode-travel-destination