മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. 77 സമുദായങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. 2010ന് ശേഷമുള്ള 12 ലക്ഷം ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകള്‍ വിധി കാരണം റദ്ദായിരുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, സംവരണത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു. ഇന്ദിരാ സാഹ്നി വിധിയില്‍ പിന്നാക്ക വിഭാഗത്തെ കണ്ടെത്താനും, ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താനുമുള്ള അധികാരം എക്സിക്യൂട്ടീവിനാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മതം മാത്രം അടിസ്ഥാനമാക്കിയാണ് മുസ്ലീം സമുദായത്തിലെ 76 വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് കല്‍ക്കട്ട ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മുസ്ലീം സമുദായത്തെ ആകെ അപമാനിക്കുന്ന നടപടിയാണെന്നും നിരീക്ഷിച്ചിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ല, പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം അനുവദിച്ചതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. കേസില്‍ ജനുവരി ഏഴിന് സുപ്രീംകോടതിയില്‍ വിശദമായ വാദം തുടരും.
രംഗനാഥ് കമ്മീഷന്‍ മുസ്ലിംകള്‍ക്ക് 10 ശതമാനം സംവരണം ശുപാര്‍ശ ചെയ്തിരുന്നു. ഹിന്ദു മതത്തിലെ 66 സമുദായങ്ങളെ പിന്നോക്ക വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മുസ്ലിംകള്‍ക്ക് സംവരണത്തിന് എന്ത് ചെയ്യണം എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, പിന്നാക്ക കമ്മീഷന്‍ ദൗത്യം ഏറ്റെടുക്കുകയും മുസ്ലിംകള്‍ക്കുള്ളിലെ 76 സമുദായങ്ങളെ പിന്നാക്ക വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തു. അതില്‍ വലിയൊരു വിഭാഗം സമുദായങ്ങള്‍ ഇതിനകം തന്നെ കേന്ദ്ര പട്ടികയിലുണ്ട്. മറ്റു ചിലര്‍ മണ്ഡല്‍ കമ്മിഷന്റെ ഭാഗമാണ്.
ഉപവര്‍ഗ്ഗീകരണ വിഷയം വന്നപ്പോള്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് പിന്നാക്ക കമ്മീഷനാണ്. മുസ്ലിംകള്‍ക്കുള്ള നാലു ശതമാനം സംവരണം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധിയെ ആശ്രയിച്ചാണ് കൊല്‍ക്കത്ത ഹൈക്കോടതി ഒബിസി പട്ടിക റദ്ദാക്കിയതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. ആന്ധ്ര ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി.