ഏത് ഭക്ഷണമായാലും അത് നമ്മള്‍ വീട്ടില്‍ പാകം ചെയ്യുമ്പോഴുള്ള ആരോഗ്യസുരക്ഷയും രുചിയും വൃത്തിയും വേറെ തന്നെയാണ്. എന്നാൽ എളുപ്പത്തിൽ കുട്ടികൾക്കെല്ലാം ഇഷ്ടപ്പെടുന്ന ഉരുളക്കിഴങ്ങ് വച്ചുള്ള ഒരു റിംഗ്സ് തയ്യാറാക്കിയാലോ.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – രണ്ടെണ്ണം വേവിച്ച് ഉടച്ചുവച്ചത്
- റവ – കാല്‍ കപ്പ്
- ചില്ലി ഫ്‌ളേക്‌സ് – ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി – അഞ്ച് ചെറിയ അല്ലി, ചെറുതാക്കി മുറിച്ചതോ ചതച്ചതോ എടുക്കാം
- ഒറിഗാനോ – ഒരു ടീസ്പൂണ്‍
- ബട്ടര്‍ – ആവശ്യത്തിന്
- കോണ്‍ഫ്‌ളോര്‍ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം ബട്ടര്‍ ചേര്‍ത്ത ശേഷം ചില്ലി ഫ്‌ളേക്‌സ്, ഒറിഗാനോ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഒന്ന് മൂപ്പിക്കണം. ഇതൊന്ന് പാകമായി വരുമ്പോള്‍ ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിക്കാം. വെള്ളം തിളച്ചുവരുമ്പോള്‍ റവ ചേർത്ത് വേവിക്കാം. റവ വെന്ത് വരുമ്പോള്‍ തീ കെടുത്തി തണുക്കാന്‍ മാറ്റിവയ്ക്കാം. ഇത് തണുത്തുകഴിയുമ്പോൾ ഇതിലേക്ക് വേവിച്ച് ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവിന്റെ പരുവമാക്കിയെടുക്കാം. ഇനി ഈ മാവ് പരത്തി ഒരു കട്ടര്‍ ഉപയോഗിച്ച് റിംഗ് ഘടനയില്‍ മുറിച്ചെടുക്കാം. ഈ റിംഗുകള്‍ ഓരോന്നായി അല്‍പം കോണ്‍ഫ്‌ളോര്‍ കൂടി വിതറിയിട്ട ശേഷം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം. ശേഷം ഇഷ്ടമുള്ള ഡിപ്പുകളും ചേര്‍ത്ത് കഴിക്കാം.
STORY HIGHLIGHT: potato rings