Travel

ഫെര്‍ട്ടിലിറ്റി ടെമ്പിള്‍; പുരുഷലിംഗത്തെ ആരാധിക്കുന്ന ഗ്രാമം | chimi-lhakhang-temple-behind-the-custom-phallus

ഈ ദൈവിക ചിഹ്നത്തെ പ്രദേശവാസികള്‍ ആഴത്തില്‍ ബഹുമാനിക്കുന്നു

ഭൂട്ടാനിലെ പുനഖ ജില്ലയിലെ സൊപ്‌സൊഖ ഗ്രാമത്തില്‍ ഒരു വിചിത്ര ക്ഷേത്രാചാരമുണ്ട്. അവിടെ ഭക്തര്‍ പുരുഷലിംഗത്തെ അല്ലെങ്കില്‍ ഫാലസിനെആരാധിക്കുകയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കുകയും ചെയ്യുന്നുവത്രേ! അതാണ് ‘ ഫെര്‍ട്ടിലിറ്റി ടെമ്പിള്‍’ എന്നറിയപ്പെടുന്ന ചിമി ലഖാങ്ങ് ക്ഷേത്രം. കുട്ടികളില്ലാത്ത ദമ്പതികള്‍ ഒരു കുഞ്ഞിക്കാലിനായി, അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാന്‍ വരുന്ന ഒരു ബുദ്ധ വിഹാരമാണിത്. ഫാലസിനെ ദൈവിക ചിഹ്നമായി കാണപ്പെടുകയും ആളുകള്‍ ആരാധിക്കുകയും ചെയ്യുന്നു. ഇത് ആദ്യം അസാധാരണമായി തോന്നിയേക്കാം, എന്നാല്‍ ഈ ഗ്രാമത്തില്‍, ഫാലസിന്റെ ചിഹ്നം എല്ലായിടത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വീടുകളിലും, ചുവരുകളിലും, കൂടാതെ ഹാരമായും ധരിക്കുന്നു. കീ ചൈയിനിലും ബാഗിലും സുലഭമാണ്. ഈ ദൈവിക ചിഹ്നത്തെ പ്രദേശവാസികള്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. ഗ്രാമം മുഴുവന്‍ ആരാധിക്കുന്ന ഫാലസിനെ സാധാരണയായി ആരും അപകീര്‍ത്തികരമായൊ ലജ്ജാകരമായൊ കരുതുന്നില്ല.

ചതുരാകൃതിയിലുള്ള ക്ഷേത്രം തന്നെ വളരെ വലുതല്ലെങ്കിലും ഐതിഹ്യവും പ്രാധാന്യവും നിറഞ്ഞതാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ ചിമി ലഖാങ്ങ് സന്ദര്‍ശിക്കുന്നു, അവരുടെ സന്ദര്‍ശനത്തിന് ശേഷം അവര്‍ക്ക് ഒരു കുട്ടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഭൂട്ടാനിലെ ഈ ഫാലസിന്റെ കാഴ്ച അവിശ്വസനീയമാംവിധമെങ്കിലും സാധാരണമാണ്. ഇത് ആ ഗ്രാമത്തിലെ ക്ഷേത്രങ്ങളിലും സമ്മാനങ്ങളും ചില കൗതുകവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നു. പ്രദേശവാസികള്‍ക്ക് ഇത് പൂര്‍ണ്ണമായും ആനന്ദകരമാണ്, അരാധനയുടെ ഭാഗമാണ്. ടിബറ്റില്‍ നിന്ന് ഭൂട്ടാനിലെത്തിയ ദ്രുക്പ കുന്‍ലി ബുദ്ധമതം പ്രചരിപ്പിക്കുന്നതിനുള്ള നര്‍മോക്തി കലര്‍ന്ന പഠനത്തിലൂടെയാണ് പ്രശസ്തനായത്. സ്ത്രീകളോടുള്ള പ്രണയം, മദ്യവും നൃത്തവും കൂടാതെ ദ്വയാര്‍ത്ഥത്തിലുള്ള കടങ്കവിതകള്‍ എഴുതുന്നതില്‍ അദ്ദേഹം അഭിമാനം കൊണ്ടു. അതിനാല്‍ നാട്ടുകാര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം ‘ദിവ്യനായ ഭ്രാന്തന്‍’ എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ ധീരതയും അപൂര്‍വ്വ വ്യക്തിത്വവും അസ്വാഭാവികമായ അധ്യാപന ശൈലിയും സ്നേഹമസൃണമായ സമീപനവും സഹായ മനസ്ഥതയും പെട്ടെന്ന് ഗ്രാമീണരുടെ ഹൃദയം കീഴടക്കി.

ഡോച്ചുല ചുരത്തില്‍ ഗ്രാമീണര്‍ക്ക് ഭീകരത സൃഷ്ടിക്കുന്ന ഒരു അസുരന്‍ ഒരിക്കല്‍ ഉണ്ടായിരുന്നുവെന്നും അതിനെ പരാജയപ്പെടുത്താന്‍ ദ്രുക്പ കുന്‍ലി മുന്നിട്ടിറങ്ങിയെന്നുമാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥയുടെ തുടക്കം. ഈ ശല്യക്കാരനായ അസുരനെ വധിച്ച് ഗ്രാമീണരെ രക്ഷിക്കാനാണ് പൂനഖ എന്ന സ്ഥലത്ത് ഈ ബുദ്ധ സന്യാസിവന്നത്. എന്നാല്‍ ‘ദിവ്യനായ ഭ്രാന്തനില്‍’ നിന്ന് ഒളിക്കാന്‍ അസുരന്‍ നായയുടെ രൂപം സ്വീകരിച്ചു, ദിവ്യനായ ഭ്രാന്തന് ഇത് മനസ്സിലാക്കാനായി. ജ്വലിക്കുന്ന ജ്ഞാനത്തിന്റെ ഇടിമുഴക്കം ദ്യോതിപ്പിക്കുന്ന ലിംഗാകൃതിയിലുള്ള ആയുധം ഉപയോഗിച്ച് അസുരനെ അദ്ധേഹം വധിച്ചു. ചരിത്രത്തില്‍ പറയുന്നത് ആ ആയുധം അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അവയവമാണെന്നാണ്. എന്നാല്‍ മറ്റൊരു വശം, ഇത് തന്റെ ശത്രുവിനെ കീഴടക്കാന്‍ ഉപയോഗിച്ച പ്രതീകാത്മകവും ഫാലസ് ആകൃതിയിലുള്ളതുമായ ആയുധമാണെന്നാണ്. തന്റെ ജൈത്രയാത്രയില്‍ ദ്രുക്പ കുന്‍ലി, ഡോച്ചുല എന്ന അസുരന്‍ ഉള്‍പ്പെടെ നിരവധി അസുരന്മാരെ വധിച്ചതായി പറയപ്പെടുന്നു. അദ്ദേഹം ഈ അസുരനെ ഒരു സ്തൂപത്തില്‍ ആവാഹിച്ച്, ‘പട്ടി ഇല്ല’ എന്നര്‍ത്ഥം വരുന്ന ‘ചി മി’ എന്ന് വിളംബരം ചെയ്തു. ചിമി ലഖാങ് ഫെര്‍ട്ടിലിറ്റി ക്ഷേത്രം എന്ന് അങ്ങിനെ ഈ സ്ഥലം അറിയപ്പെടാന്‍ തുടങ്ങി. ഗ്രാമീണര്‍ക്ക് ഇത് വളരെ മതിപ്പുളവാക്കിയ സംഭവമായിരുന്നു.

ഈ ഗ്രാമ ക്ഷേത്രത്തിലെത്താന്‍ പുന ത്സാങ് ചു നദിക്കരയിലൂടെയുള്ള മനോഹരമായ കുന്നുകള്‍താണ്ടി നെല്‍പ്പാടത്തിലൂടെ കാല്‍നടയാത്ര നടത്തുക പതിവ് കാഴ്ചയാണ്. പ്രവേശന കവാടത്തില്‍ ഒരു വലിയ ബോധിവൃക്ഷം ഭക്തരെ സ്വാഗതം ചെയ്യുന്നു. ഭൂട്ടാനിലെ മറ്റ് വന്‍ വിഹാരങ്ങളുമായി ഈ ക്ഷേത്രത്തെ താരതമ്യം ചെയ്യുമ്പോള്‍ ക്ഷേത്രത്തിന് വലിപ്പം കുറവാണെങ്കിലും ശാന്തമായ അന്തരീക്ഷമാണ് ഇതിന് ഉള്ളത്. നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു ഭീമാകാരമായ പ്രാര്‍ത്ഥനാ ചക്രം (Prayer Wheels) കാണും-ഭൂട്ടാനിലുടനീളം നിരവധി ക്ഷേത്രങ്ങളില്‍ സാധാരണ ഇങ്ങനെ കാണാം. ഈ ചക്രങ്ങള്‍ കറക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. പൊള്ളയായ സിലിണ്ടറും അതിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന ഒരു മെക്കാനിക്കല്‍ ഉപകരണമാണ് പ്രാര്‍ത്ഥന ചക്രം. കമ്പിക്കുള്ളില്‍ മന്ത്രങ്ങളുടെ ഒരു ചുരുള്‍ പിടിച്ചിട്ടുണ്ടത്രേ. പ്രാര്‍ത്ഥനാ ചക്രം കറക്കുന്നത് മന്ത്രങ്ങള്‍ ജപിക്കുന്നതിന് തുല്യമാണ്.

ഡോച്ചുല എന്ന അസുരനെ സ്തൂപത്തിനുള്ളില്‍ ആവാഹിച്ചിരുത്തിയതായി പറയപ്പെടുന്ന സ്ഥലത്താണ് ഫെര്‍ട്ടിലിറ്റി ടെമ്പിള്‍ -ചിമി ലഖാങ് നിര്‍മ്മിച്ചത്. മനോഹരമായി അലങ്കരിച്ച ശ്രീകോവിലിനുള്ളില്‍, ഗുരു പത്മസംഭവയുടെ പ്രതിമയും ഫെര്‍ട്ടിലിറ്റി സെയിന്റ് എന്നറിയപ്പെടുന്ന ദ്രുക്പ കുന്‍ലിയുടെ പ്രതിമയും ഒപ്പത്തിനൊപ്പം കാണാം. അദ്ദേഹത്തിന്റെതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന മരം കൊണ്ട് നിര്‍മ്മിച്ചതും വെള്ളി പിടിയുള്ളതുമായ വിഖ്യാത ലിംഗാകൃതിയിലുള്ള ആയുധവും അവിടെ ദര്‍ശിക്കാം. തീര്‍ത്ഥാടകരെ പ്രത്യേകിച്ച് ഗര്‍ഭിണികളാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ തലയില്‍ തൊട്ട് അനുഗ്രഹിക്കാന്‍ സന്യാസിമാര്‍ ഈ ഫാലസ് ഉപയോഗിക്കുന്നു.

STORY HIGHLIGHTS: chimi-lhakhang-temple-behind-the-custom-phallus