Travel

ലോകത്തിലേറ്റവും നിഗൂഢം; ചൈനയുടെ ആദ്യ ഭരണാധികാരിയുടെ ശവകുടീരം | mausoleum-of-the-first-qin-emperor-shi-huang-china-history

ആയിരക്കണക്കിന് ടെറാക്കോട്ട പ്രതിമകളാണ് ഇവിടുത്തെ ഏറ്റവും വലിയ വിസ്മയം

ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളില്‍ ഒന്നാണ് ചൈനയിലെ ക്വിന്‍ ഷി ഹുവാങ്ങിന്റെ ശവകുടീരം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചൈനയിലെ ആദ്യ ചക്രവര്‍ത്തിയായിരുന്ന ക്വിന്‍ ഷി ഹുവാങിന്റെ സൈന്യത്തെ പ്രതിനിധീകരിക്കുന്ന ആയിരക്കണക്കിന് ടെറാക്കോട്ട പ്രതിമകളാണ് ഇവിടുത്തെ ഏറ്റവും വലിയ വിസ്മയം. 210 ബിസിയില്‍ മരണമടഞ്ഞ ചക്രവര്‍ത്തിയുടെ മരണാന്തരജീവിതത്തിന് കാവല്‍നില്‍ക്കുന്നതിനാണ് ഈ പ്രതിമകള്‍ അടക്കം ചെയ്തിരിക്കുന്നത്. അതീവ സംരക്ഷിത മേഖലയായതിനാല്‍ സഞ്ചാരികള്‍ക്ക് ശവകുടീരത്തിന് സമീപത്തേക്ക് പ്രവേശനം അസാധ്യമാണ്.

മധ്യ ചൈനയിലെ ഒരു കുന്നിന്‍ മുകളില്‍ രണ്ടായിരം വര്‍ഷത്തോളം ആരാലും അറിയപ്പെടാതെ കിടന്നിരുന്ന ഈ ശവകുടീരത്തില്‍ ഇന്നും കണ്ടെത്താന്‍ കഴിയാത്ത നിരവധി നിഗൂഢതകളാണ് ഒളിഞ്ഞിരിക്കുന്നത്. അന്ന് നിലവിലുണ്ടായിരുന്ന ആറ് നാട്ടുരാജ്യങ്ങളെയും കീഴടക്കി ഏകീകൃത ചൈനയെ ആദ്യമായി ഭരിച്ച ക്വിന്‍ ഷി ഹുവാങ് ബി.സി 210 ലാണ് മരണപ്പെടുന്നത്. മരണാനന്തരം ലോകത്തിലെ തന്നെ ഏറ്റവും ആഡംബരവും നിഗൂഢതയും നിറഞ്ഞ ഒരു ശവകുടീരമാണ് അദ്ദേഹത്തിനായി ഒരുക്കപ്പെട്ടത്. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന ക്വിന്‍ തന്റെ മരണശേഷം തനിക്ക് സുഖമായി ജീവിക്കാന്‍ രാജ്യത്തിന്റെ മുഴുവന്‍ മാതൃക തന്നെ ശവക്കല്ലറകള്‍ക്കൊപ്പം അടക്കം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. 8000 സൈനികരും 130 രഥങ്ങളും 500 കുതിരകളും 150 കാലാളുകളും അടങ്ങുന്നതാണ് ക്വിന്‍ ഷി ഹുവാങിന്റെ പ്രതിമസൈന്യം. ഈ സൈന്യമാണ് രാജാവിന് കാവല്‍ നില്‍ക്കുന്നത്. 38 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഈ ശവകുടീരത്തില്‍ രാജാക്കന്‍മാരുടെയും കലാകാരന്‍മാരുടെയും പ്രതിമകളും കണ്ടെത്തിയിരുന്നു.

1974 ല്‍ ഷാന്‍സിയിലെ ഷിയാന്‍ എന്ന സ്ഥലത്തിന് സമീപം കിണര്‍ കുഴിക്കുകയായിരുന്ന കര്‍ഷകരാണ് ലോകത്തെ ഞെട്ടിപ്പിച്ച ഈ ശവകുടീരം കണ്ടെത്തിയത്. ആദ്യം ഒന്നോ രണ്ടോ കളിമണ്‍ പ്രതിമകള്‍ കണ്ടെത്തിയത് പിന്നെ ആയിരങ്ങളിലെത്തുകയായിരുന്നു. ഓരോ കളിമണ്‍ പ്രതിമകള്‍ക്കും വ്യക്തിഗതമായ സവിശേഷതകളുള്ളതാണ് ഏറ്റവും കൗതുകകരം. കാലാളുകളില്‍ തുടങ്ങി സൈന്യാധിപനിലെത്തുമ്പോള്‍ പ്രതിമയുടെ ആകാരത്തിലും പ്രൗഢിയിലും മാറ്റങ്ങളുണ്ട്. പ്രതിമകളുടെ വസ്ത്രങ്ങളും മുടിയും മുഖഭാവങ്ങള്‍ പോലും വ്യത്യസ്തം. ഗ്രീക്ക് ശില്പകല ശൈലിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പ്രവേശനകവാടങ്ങള്‍, രാജസദസുകള്‍, ഉദ്യാനങ്ങള്‍ തുടങ്ങി സാമ്രാജ്യത്തിന്റെ ഒരു ചെറുപതിപ്പുതന്നെ ഇവിടെ മെനഞ്ഞെടുത്തിട്ടുണ്ട്. ശവകുടീരത്തിന്റെ മേല്‍ക്കൂരയില്‍ സ്വര്‍ണവും വെള്ളിയും പൂശിയിരിക്കുന്നു.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി ഇവിടെ ഖനനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് വരെ ഇവിടെ നിന്ന് അമൂല്യമായ പല നിര്‍മ്മിതികളും കണ്ടെടുത്തിട്ടുണ്ട്. അടുത്തകാലത്തൊന്നും ഇവിടുത്തെ ഖനനം പൂര്‍ത്തിയാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വിന്‍ ഷി ഹുവാങിന്റെ ശവകുടീരം ഉള്ള ഭാഗം പൂര്‍ണമായും ഖനനം ചെയ്യാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഇത്രവലിയ കളിമണ്‍ സൈന്യം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശവകുടീരത്തിന് യാതൊരു കോട്ടവും സംഭവിക്കാതെ സമയമെടുത്ത് ശാസ്ത്രീയമായ രീതിയിലുള്ള ഖനനമാണ് ചൈനീസ് സര്‍ക്കാര്‍ നടത്തുന്നത്. ഇവിടെ വലിയ ഖനനം നടത്തുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. ശവകുടീരം പുറത്തെടുക്കാതിരിക്കാന്‍ ഇവിടെ മെര്‍ക്കുറി ഉള്‍പ്പടെയുള്ള രാസവസ്തുക്കളും അടക്കം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചവ മാത്രമാണ് പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഇനിയും ഇവിടെ നിന്ന് ഉണ്ടാവുമെന്നാണ് ലോകത്താകമാനമുള്ള പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നത്.

STORY HIGHLIGHTS : mausoleum-of-the-first-qin-emperor-shi-huang-china-history