ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കയില്‍നിന്ന് ഏകദേശം 2000 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ദ്വീപസമൂഹമാണ് മൗറീഷ്യസ്. റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് എന്നാണ് ഔദ്യോഗിക നാമം. മൗറീഷ്യസ്, സെന്റ് ബ്രാന്റണ്‍ റൊഡ്രിഗ്സ്, അഗലേഗ ദ്വീപുകള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക് ഓഫ് മൗറീഷ്യസ്. തലസ്ഥാനം പോര്‍ട്ട് ലൂയി. ഡച്ചുകാരും ഫ്രഞ്ചുക്കാരും ബ്രിട്ടീഷുകാരുമൊക്കെ ഭരിച്ച ഈ ദ്വീപ് 1968-ല്‍ സ്വന്തന്ത്രമായി. ഇപ്പോഴും ഇവിടെഡച്ച്- ഫ്രഞ്ച്-ബ്രിട്ടീഷ് സ്വാധീനം ശക്തമായി കാണാന്‍ കഴിയും. ഒട്ടേറെ ഇന്ത്യന്‍ വംശജരുള്ള നാട് കൂടിയാണിത്. ഇംഗ്ലീഷാണ് ഓദ്യോഗിക ഭാഷയെങ്കിലും മൗറീഷ്യന്‍ ക്രിയോല്‍, ഫ്രഞ്ച്, ഹിന്ദി, ഭോജ്പുരി ഒക്കെയും ഇവിടെ ഉപയോഗിക്കുന്നുണ്ട്.
സന്ദര്‍ശകരുടെ കണ്ണിന് കുളിരേകുന്ന ധാരാളം പ്രകൃതിദൃശ്യങ്ങളുണ്ട് മൗറീഷ്യസില്‍. ഒപ്പം സുഖകരമായ കാലാവസ്ഥയും. നീലത്തടാകങ്ങളും അതില്‍ നിറയെ പലരൂപത്തിലും ഭംഗിയാര്‍ന്നതുമായ പവിഴപ്പുറ്റുകളും വിശാലമായ ഗോള്‍ഡണ്‍ ബീച്ചുകളും ഉള്ള സ്ഥലം. ധാരാളം കുന്നുകളും മലകളും മലഞ്ചരിവുകളും ഉള്ളതിനാല്‍ പര്‍വതാരോഹണത്തിനും സാഹസിക ട്രക്കിങ്, ബൈക്ക് റൈഡിങ് എന്നിവയ്ക്ക് സൗകര്യമുണ്ട്. കൂടാതെ സ്‌കൂബാ ഡൈവിങ്, പാരാസെയിലിങ്, കയാക്കിങ്, വാട്ടര്‍ സ്‌കീയിങ്, കടലിനടിയില്‍ ഇറങ്ങി കാഴ്ച കാണല്‍, ആഴക്കടലിലെ മീന്‍പിടിത്തം തുടങ്ങിയ വിനോദങ്ങളും ഇവിടെ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നുണ്ട്.
കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടെങ്കില്‍ ഏതൊരാള്‍ക്കും മൗറീഷ്യസിലേക്ക് പറക്കാം. അവിടെ 90 ദിവസംവരെ താമസിക്കുന്നതിനുള്ള അനുവാദം ലഭിക്കും. കൊച്ചിയും ബെംഗളൂരുവും ഉള്‍പ്പടെ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ഇവിടേക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. ലോകത്തിലെ പ്രസിദ്ധമായ എല്ലാ എയര്‍ലൈനുകളും ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സീവുസാഗര്‍ റാംഗൂലാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് പ്രധാന ലാന്‍ഡിങ് പോയിന്റ്.
മൗറീഷ്യസ് രൂപയാണ് കറന്‍സി. എങ്കിലും അമേരിക്കന്‍ ഡോളര്‍ രാജ്യത്ത് വ്യാപകമായി ഉപയോഗത്തിലുണ്ട്. അതേസമയം ഇന്ത്യന്‍ കറന്‍സി സ്വീകാര്യമല്ല. എന്നാല്‍ അവ എയര്‍പോര്‍ട്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ചുകളില്‍ നിന്ന് ആവശ്യാനുസരണം മാറിയെടുക്കാന്‍ കഴിയും. അതല്ലെങ്കില്‍ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ, എച്ച്.എസ്.ബി.സി., സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങിയ നിരവധി ബാങ്കുകളില്‍നിന്ന് മാറ്റി വാങ്ങാനുള്ള സൗകര്യമുണ്ട്.
STORY HIGHLIGHTS: mauritius-travel-guide-world-travel-island-destination