കൊല്ലം: സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കേരളത്തിലെ ആദ്യ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് പതാക ഉയരും. 12 നു സമാപിക്കും. സംസ്ഥാന സമ്മേളനം ഇക്കുറി മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ്.
പാർട്ടി നിയന്ത്രണത്തിലുള്ള മയ്യനാട് ധവളക്കുഴിയിലെ എൻഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ ഇന്നു രാവിലെ 10 നു പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പുറമേ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്‌ണൻ, കെ.കെ.ജയചന്ദ്രൻ, എം.സ്വരാജ്, പുത്തലത്ത് ദിനേശൻ എന്നിവർ 3 ദിവസവും സമ്മേളനം നിയന്ത്രിക്കാനുണ്ടാകും.
ജില്ലയിലെ 18 ഏരിയ കമ്മിറ്റികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ കരുനാഗപള്ളിയിൽ നിനുള്ള പ്രതിനിധികൾ ഉണ്ടാകില്ല. വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. സമകാലിക വിവാദങ്ങളും തെരഞ്ഞെടുപ്പുകളിലെ പ്രകടനവും അടക്കമുള്ള വിഷയങ്ങൾ സമ്മേളനത്തിൽ പ്രതിഫലിക്കും. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടേറിയറ്റും സമ്മേളനത്തിൽ തന്നെ രൂപീകരിക്കാനാണു സാധ്യത.