Kerala

കാളികാവിലെ പെൺകുട്ടിയുടെ കാണാതാകലിൽ ട്വിസ്റ്റ്, 14കാരി വിവാഹിതയെന്ന് പൊലീസ്

മലപ്പുറം കാളികാവിൽ നിന്ന് കാണാതായ ഇതര സംസ്ഥാനക്കാരിയായ 14കാരി വിവാഹിതയെന്ന് പൊലീസ്. കഴിഞ്ഞ ദിവസം കാളികാവ് പൊലീസ് ഹൈദരാബാദിൽനിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. അസം സ്വദേശിയായ പിതാവ് കുട്ടിയെ അസം സ്വദേശിയായ യുവാവിനാണ് വിവാഹം ചെയ്‌തു നൽകിയിയിരുന്നത്. പെൺകുട്ടിയുടെ പിതാവിനെയും വിവാഹം കഴിച്ചയാളെയും കാളികാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഹൈദരാബാദിൽ നിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് വന്ന ഒരു ഫോണ്‍ കൊൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ കണ്ടെത്താനായത്. കാളികാവിൽ നിന്ന് മഞ്ചേരി, പെരിന്തൽമണ്ണ, കോയമ്പത്തൂർ വരെ ബസിലും തുടർന്ന് ട്രെയിനിലും യാത്ര ചെയ്താണ് പെണ്‍കുട്ടി ഹൈദരാബാദിൽ എത്തിയത്. അസം സ്വദേശിയായ ഒരാളുടെ കുടുംബത്തോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ശൈശവ വിവാഹ നിരോധനനിയമ പ്രകാരമാണു പിതാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസും ചുമത്തി. വിവാഹം കഴിച്ചയാളിൽനിന്നുള്ള പീഡനം സഹിക്ക വയ്യാതെയാണ് കാളികാവിലെ വാടകവീട്ടിൽ നിന്നു പെൺകുട്ടി ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞത്. കാളികാവ് പള്ളിശ്ശേരിയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അസം സ്വദേശിനിയായ 14 കാരിയെ നവംബർ 28-ാം തിയ്യതിയാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ കാളികാവ് പൊലീസിൽ പരാതി നൽകി.