ശബരിമലയില്‍ നടന്‍ ദിലീപിന്റെയും സംഘത്തിന്റെയും വിഐപി ദര്‍ശനത്തില്‍ പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍ നിരയില്‍ അവസരമൊരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി. ദിലീപിന്‍രെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണയില്‍ വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോര്‍ട്ട്. വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട് എന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോടതി റിപ്പോര്‍ട്ട് സ്വീകരിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും.
ദിലീപിന്‍റെ വിഐപി സന്ദർശനത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.ദിലീപ് സോപാനത്ത് തുടർന്നത് ഭക്തർക്ക് തടസമുണ്ടാക്കി. ശ്രീകോവിലിനു മുന്നിൽ നിന്നാൽ മറ്റുള്ളവരുടെ ദർശനം തടസപ്പെടുമെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നു ദേവസ്വം ബോർഡിന് താക്കീതും നൽകിയിരുന്നു. എത്രസമയം ദീലീപ് സോപാനത്തിൽ തുടർന്നെന്ന് കോടതി ചോദിച്ചിരുന്നു. ദിലീപ് അവിടെ നിന്നതുകൊണ്ട് ആർക്കും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടത്. കുട്ടികൾക്കും സ്ത്രീകൾക്കും ദർശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണുയര്‍ന്നത്.