ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട്ട് തനിക്ക് ചുമതലയൊന്നും തന്നില്ലെന്നാണ് പരാതി. തനിക്കൊഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്ലാവരേയും ചേർത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാൽ അത് അംഗീകരിക്കാൻ സാധിക്കില്ല. ചിലർ മാറിനിൽക്കുകയും ചിലർ ഉൾപ്പെടാതെ വരികയും ചെയ്യുന്നു. അതിന് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. സംഘടന പുനഃസംഘടിപ്പിക്കുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തുകയാണ് വേണ്ടത്. കെ.സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ചര്‍ച്ച പോലും ചെയ്യേണ്ട. കെ.സുധാകരന്‍റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിലടക്കം വിജയിച്ചത് . പ്രത്യേക സമുദായത്തില്‍പ്പെട്ട ആള്‍ നേതൃസ്ഥാനത്തേയ്ക്ക് വരണമെന്ന് താന്‍ പറയില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
അതേസമയം അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി എത്തുകയാണ് കോൺഗ്രസ് നേതാക്കൾ. ചാണ്ടി ഉമ്മന്റെ മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ പ്രശ്നത്തിനും പരിഹാരം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മുന്നണിക്ക് അകത്ത് ഐക്യം ഉണ്ടാക്കണം. ചാണ്ടി ഉമ്മന്റെ വിഷമം പരിഹരിക്കും. ചാണ്ടി വളർന്നു വരുന്ന നേതാവാണ്. പാർട്ടിയിൽ എല്ലാവരെയും ഉൾക്കൊള്ളണം. നേതൃത്വത്തിൽ റിസർവേഷൻ പരിഗണനയില്ല. മുതിർന്നവരും യുവതലമുറയും പാർട്ടി നേതൃത്വത്തിൽ ഉണ്ടാവണം. എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃനിരയാണ് കോൺഗ്രസിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചാണ്ടി ഉമ്മൻ സഹോദരനെ പോലെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കിൽ നേതൃത്വവുമായി പറയുകയാണ് വേണ്ടതെന്നും താനല്ല മറുപടി നൽകേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.