ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തിയതോടെ മറുപടി നൽകുകയാണ് കോൺഗ്രസ് നേതാക്കൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചുമതലകൾ നൽകിയില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരാതി. അതിന് മറുപടി പറയുകയാണ് കോൺഗ്രസ് യുവ നേതാവും പാലക്കാട്ടെ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മനുമായി തനിക്ക് യാതൊരു ഭിന്നതയും ഇല്ലെന്നാണ് രാഹുലിന്റെ പ്രതികരണം. സഹോദരനെപ്പോലെയാണ് രാഹുലിനെ കാണുന്നത്. പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചാണ്ടി ഉമ്മന്‍ അതൃപ്തി അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തെയാണെന്നും അതില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വത്തില്‍ ഉള്ളവരാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
‘പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ നല്‍കിയില്ല എന്ന കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യുടെ ആരോപണത്തിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്, ഞാനല്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മന്‍ പാലക്കാട് വന്നിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ട്ടിയുടെ വിജയത്തിന് ഗുണപരമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. പാലക്കാട് എനിക്ക് ലഭിച്ച 18840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്റെ സംഭാവനയും ഉണ്ട്’ എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വാക്കുകൾ.
പാലക്കാട്ട് തനിക്ക് ചുമതലയൊന്നും തന്നില്ലെന്ന പരാതിയാണ് ചാണ്ടി ഉമ്മൻ ഇന്ന് തുറന്നു പറഞ്ഞത്. തനിക്കൊഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എല്ലാവരേയും ചേർത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാൽ അത് അംഗീകരിക്കാൻ സാധിക്കില്ല. ചിലർ മാറിനിൽക്കുകയും ചിലർ ഉൾപ്പെടാതെ വരികയും ചെയ്യുന്നു. അതിന് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. സംഘടന പുനഃസംഘടിപ്പിക്കുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തുകയാണ് വേണ്ടത്. കെ.സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ചര്‍ച്ച പോലും ചെയ്യേണ്ട. കെ.സുധാകരന്‍റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിലടക്കം വിജയിച്ചത് . പ്രത്യേക സമുദായത്തില്‍പ്പെട്ട ആള്‍ നേതൃസ്ഥാനത്തേയ്ക്ക് വരണമെന്ന് താന്‍ പറയില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.