ഇന്ത്യയും ബഹ്‌റൈനുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അനുസ്മരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. മനാമ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടികാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാമ ഡയലോഗില്‍ പങ്കെടുക്കാനായി എത്തിയ വിദേശകാര്യമന്ത്രി ഇത് രണ്ടാം തവണയാണ് ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. നിലവില്‍ 1.7 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നതെന്നും, ഇന്ത്യന്‍ സമൂഹത്തിന് ബഹ്‌റൈന്‍ ഭരണാധികാരികളും പൗരന്‍മാരും നല്‍കുന്ന ആദരവിന് നന്ദിയുണ്ടെന്നും പറഞ്ഞ വിദേശകാര്യമന്ത്രി സമുദ്രസംരക്ഷണം, ഡാറ്റ കൈമാറ്റം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.
ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം ആവശ്യമാണെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്നും അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ക്കും മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധം നടക്കുന്ന മേഖലകളില്‍ സാധാരണ മനുഷ്യര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ശക്തികളില്‍ ഒന്നായി മാറാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും, അതിന് സഹായകരമായി വിദേശ ഇന്ത്യക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും കൂടികാഴ്ച്ചയില്‍ മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ. ജേക്കബ്, പ്രമുഖ പ്രവാസ വ്യവസായി ഡോ. ബി. രവി പിള്ള, പ്രവാസി ഭാരതീയ സമ്മാന്‍ വിജയികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.