ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബിൽ ശീതകാല പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. പദ്ധതിയെക്കുറിച്ച് മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ബില്ലിൽ സമവായം ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വിശദമായ ചർച്ചകൾക്ക് സംയുക്ത പാർലമെന്റി സമിതിക്ക് (ജെപിസി) അയയ്ക്കുന്ന കാര്യവും സർക്കാർ പരിഗണനയിൽ ഉണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും, സംസ്ഥാന നിയമസഭകളിലെ സ്പീക്കർമാരെയും ജെപിസി ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. എല്ലാ കക്ഷികളുടെ അഭിപ്രായവും കേൾക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കും. കൂടുതൽ വിഷയങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പിലാക്കുന്നതിന് കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതി ബില്ലുകൾ എങ്കിലും പാസാക്കേണ്ടതുണ്ട്. അതിന് പാർലമെൻറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇരുസഭകളിലും എൻഡിഎയ്ക്ക് കേവലഭൂരിപക്ഷമുണ്ടെങ്കിലും ലോക്‌സഭയിലോ രാജ്യസഭയിലോ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയെന്നത് നിലവിലെ സാഹചര്യത്തിൽ വെല്ലുവിളിയാണ്.