പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് പറയുന്നു. പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.