വൈദ്യുതി നിരക്ക് വര്ധനയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 7500 കോടിയുടെ അധിക ഭാരം ജനങ്ങൾക്ക് മേലെ പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയെന്നാണ് വിമർശനം. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറായിരിക്കുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ തെറ്റായ നീക്കം. അദാനിമാർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നെയ്വേലി ലീഗ്നെറ്റ് കോർപറേഷനുമായി ചർച്ച നടന്നോ എന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിന് പിന്നിൽ പവർ ബ്രോക്കർമാർ ഉണ്ടെന്നും മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ നടത്തിയത് തികഞ്ഞ അഴിമതിയാണെന്ന് എട്ട് വർഷം മുൻപ് ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന ദീർഘകല കരാർ ഓർമിപ്പിച്ച് രമേശ് ചെന്നിത്തല പറഞ്ഞു. കരാർ പ്രകാരമുള്ള വൈദ്യതി ഉപയോഗം സർക്കാർ കണ്ടില്ലേയെന്നാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം. ആർക്ക് വേണ്ടിയാണ് ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ വൈദ്യുതി വകുപ്പ് ഒപ്പുവെച്ച കരാർ സർക്കാർ റദ്ദാക്കിയത് എന്നും സർക്കാർ നടത്തിയത് അഴിമതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വൈദ്യതി മന്ത്രിയും മുഖ്യമന്ത്രിയും ഇതിൽ കുറ്റക്കാരാണ്. സ്വകാര്യ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് സർക്കാരിന്റെ നീക്കം. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾക്ക് സിപിഎം ബന്ധമുണ്ടെന്നും ആരോപണം. ആര്യാടൻ മന്ത്രിയായിരിക്കെ കരാർ എഴുതിയ ആൾതന്നെ റദ്ദാക്കാനും തയ്യാറായി. എല്ലാം ബോർഡിന്റെയും റെഗുലേറ്ററി കമ്മീഷന്റെയും ഉത്തരവാദിത്തം എന്ന് പറഞ്ഞു ഒഴിയുകയാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി. എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെന്നും അദ്ദേഹം രമേശ് ചെന്നിത്തല ചോദിച്ചു.
വൈദ്യുതി നിരക്ക് വർധനയെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടെ ചാണ്ടി ഉമ്മന്റെ അതൃപ്തി പ്രകടമാക്കിയുള്ള തുറന്നുപറച്ചിലിനെക്കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. ചാണ്ടി ഉമ്മന്റെ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ആർക്കെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.