മുല്ലപ്പെരിയാർ ഡാം അറ്റക്കുറ്റപ്പണി വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് സ്റ്റാലിന്റെ മറുപടി. നിയമസഭയിലാണ് സ്റ്റാലിന്റെ പ്രസ്താവന. നിയസഭയില്‍ പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയുടെ ചോദ്യത്തിനാണ് ഡാം അറ്റാകുറ്റപ്പണിയില്‍ കേരളവുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞത്. പെരിയാറുടെ നവീകരിച്ച സ്മാരകം ഉത്ഘാടനം ചെയ്യാന്‍ സ്റ്റാലിന്‍ മറ്റന്നാള്‍ കോട്ടയത്ത് എത്തുന്നുണ്ട്. മുഖ്യമന്ത്രിയാണ് പരിപാടിയുടെ അധ്യക്ഷന്‍. ഇരു സംസ്ഥാനങ്ങളിലെയും ചില മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന പരിപാടിക്ക് ശേഷം ആകും മുല്ലപ്പെരിയാര്‍ വിഷയത്തിലെ ചര്‍ച്ച.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം നേരത്തെ തള്ളിയിരുന്നു. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നാണ് കേരളത്തിന്റെ നിലപാട്. അറ്റകുറ്റപ്പണികള്‍ക്കുള്ള ഉപകരണങ്ങള്‍ ഡാം പരിസരത്ത് എത്തിക്കാനുള്ള നീക്കവും കേരളം അനുവദിച്ചില്ല.