Food

തലപ്പാക്കട്ടി ചിക്കൻ ബിരിയാണിയാണ് താരം ; റെസിപ്പി ഇതാ

തമിഴ്നാട് സ്റ്റൈൽ ബിരിയാണി ആണ് തലപ്പാക്കട്ടി ബിരിയാണി. ഡിണ്ടിഗലിലെ തലപ്പാക്കട്ടി ബിരിയാണിയൊക്കെ ഭക്ഷണപ്രേമികൾക്കിടയിൽ സ്ഥാനം പിടിച്ച വിഭവമാണ്. എങ്ങനെയാണ് ഈ രുചികരമായ ബിരിയാണി തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

കോഴിയിറച്ചി – 1 kg
ബിരിയാണി അരി – 4 കപ്പ്‌
ചൂടുവെള്ളം – 7 കപ്പ്‌
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
സവാള – 4 എണ്ണം
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 4 എണ്ണം
തക്കാളി – 2 എണ്ണം
തൈര് – ½ കപ്പ്‌
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 15 എണ്ണം
പഞ്ചസാര – 1 ടീസ്പൂണ്‍
മുളകുപൊടി – ½ ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഗരംമസാല – ½ ടീസ്പൂണ്‍
കറുവാപട്ട – 3 കഷ്ണം
ഗ്രാമ്പു – 10 എണ്ണം
ഏലയ്‌ക്ക – 5 എണ്ണം
കുരുമുളക് – 10 എണ്ണം
മല്ലിയില – 4 ഇതള്‍
പുതിന – 5 ഇല
പൈനാപ്പിള്‍ അരിഞ്ഞത് – ½ കപ്പ്‌
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന രീതി

അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ അരച്ച ശേഷം തൈര് ചേര്‍ത്ത് ഇളക്കുക. ഇത് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് ½ മണിക്കൂര്‍ വയ്ക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് ഒരു സവാള ചെറുതായി അരിഞ്ഞത് ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് 3 സവാള അരിഞ്ഞതും ഉപ്പും ചേര്‍ത്ത് വഴറ്റുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ തക്കാളി ചേര്‍ത്ത് വഴറ്റുക. കോഴിയിറച്ചി ചേര്‍ത്ത് നല്ല തീയില്‍ 5 മിനിറ്റ് ഇടവിട്ട് ഇളക്കുക. പിന്നീട് ഒരു കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. മറ്റൊരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും ചിക്കനും ഇടവിട്ട് അടുക്കടുക്കായി നിരത്തുക. വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, പൈനാപ്പിള്‍, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
ബിരിയാണി തയ്യാര്‍.