വലിയ ബുദ്ധിമുട്ടില്ലാതെ ആർക്കും ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഒരു ചിക്കൻകറിയുടെ റെസിപ്പി നോക്കിയാലോ? ചോറിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാവുന്ന ഒരു കിടിലൻ കറി.
ആവശ്യമായ ചേരുവകൾ
- 1. ചിക്കൻ: 1 കിലോ
- 2. വലിയ ഉള്ളി: അഞ്ചോ ആറോ എണ്ണം (നീളത്തിൽ ചെറുതായി അരിഞ്ഞത്)
- 3. പച്ചമുളക്: 5 എണ്ണം (നീളത്തിൽ അരിഞ്ഞത്)
- 4. ഇഞ്ചി : ഒരു വലിയ കഷണം (ചെറുതായി നുറുക്കിയത്.)
- 5. വെളുത്തുള്ളി പേസ്റ്റ്: 2 സ്പൂണ്‍
- 6. മുളകുപൊടി: 5 ടീസ്പൂണ്‍
- 7. മല്ലിപ്പൊടി: 5 ടീസ്പൂണ്‍
- 8. ചിക്കൻ മസാലപ്പൊടി: 2 ടീസ്പൂണ്‍
- 9. മഞ്ഞൾപ്പൊടി: 2 നുള്ള്
- 10. തേങ്ങാപ്പാൽ – രണ്ടാം പാൽ: 2 കപ്പ്
- 11. തേങ്ങാപ്പാൽ – ഒന്നാം പാൽ: 1 കപ്പ്
- 12. കറിവേപ്പില – ആവശ്യത്തിന്
- 13. വെളിച്ചെണ്ണ – ആവശ്യത്തിന്
- 14. ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ ചെറുതായി നുറുക്കി, 2 ടീസ്പൂണ്‍ മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച്, ഫ്രിഡ്ജിൽ രണ്ടു മണിക്കൂറോ കൂടുതലോ നേരം വെയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി, അതിൽ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്തു വഴറ്റുക. നന്നായി മൂത്തു, നിറം മാറുമ്പോൾ വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കുക.
പാകമാവുമ്പോൾ, ഇതിലേക്ക് 3 ടീസ്പൂണ്‍ മുളകുപൊടി, 5 ടീസ്പൂണ്‍ മല്ലിപ്പൊടി, 2 ടീസ്പൂണ്‍ ചിക്കൻ മസാലപ്പൊടി, 2 നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇളക്കി ക്കൊണ്ടിരിക്കുക. മസാല വെന്ത്, എണ്ണ ഊറി വരുന്ന സമയത്ത് ഇതിലേക്കു ചിക്കൻ ചേർക്കുക. അരക്കപ്പു വെള്ളം ചേർത്ത് പകുതി വേവാവുന്നത് വരെ മൃദുവായി, ചിക്കൻ ഉടയാതെ ഇളക്കുക. രണ്ടാം പാൽ ചേർത്ത്, നന്നായി പാകമാവുന്നതു വരെ അടച്ചു വെച്ചു വേവിക്കുക. ഒന്നാം പാൽ ചേർത്ത് ഇളക്കി, ഒന്നു കൂടെ ചൂടാക്കി വാങ്ങി വെയ്ക്കാം.