വണ്ടിപ്പെരിയാറിന് മലയോര വാണിജ്യ കേന്ദ്രങ്ങളിലേയ്ക്കുള്ള വ്യാപാരികളുടെ ഇടത്താവളമെന്ന നിലയിൽ ചരിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്.
കോട്ടയം-കുമളി റോഡ് പെരിയാർ നദിയെ മുറിച്ചുകടക്കുന്ന വണ്ടിപ്പെരിയാറിന് മലയോര വാണിജ്യ കേന്ദ്രങ്ങളിലേയ്ക്കുള്ള വ്യാപാരികളുടെ ഇടത്താവളമായിരുന്നു.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തൊടുപുഴ, കോതമംഗലം, എരുമേലി, റാന്നി എന്നീ മലയോര അങ്ങാടികൾ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി മദ്ധ്യകാലത്തു തന്നെ സജീവമായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും പൂഞ്ഞാറ്റിൽ നിന്നും കോതമംഗലത്തു നിന്നുമൊക്കെ ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായ അഗസ്റ്റസ് സീസറുടെ ഒക്ടേവിയൻ മുദ്രയുള്ള പൊൻനാണയങ്ങൾ കണ്ടെടുത്തിട്ടുള്ളതിനാൽ സംഘകാലത്തോളം തന്നെ ഈ അങ്ങാടികൾക്ക് പഴക്കമുണ്ടായിരുന്നു എന്നു കരുതാവുന്നതാണ്.
കേവലം വനവിഭവങ്ങളായിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ ശേഖരിച്ച് കൈമാറ്റക്കച്ചവടം നടത്തിയിരുന്ന പ്രകൃതസമ്പ്രദായമാകാം അക്കാലത്ത് നിലനിന്നിരുന്നത്. കേരളതീരത്തെ പെരുമ പെറ്റ തുറമുഖങ്ങളിൽനിന്ന് യവനരും ജൂതരും തുടർന്ന് അറബികളുമൊക്കെ കടൽ കടത്തിയ “കറുത്ത പൊന്നും കൂട്ടരും” ഇത്തരം മലയോര അങ്ങാടികളിൽനിന്ന് കയറിപോയതാവാം. കാഞ്ഞിരപ്പള്ളി അങ്ങാടിയിൽ ശ്രമണരായ സാർത്ഥവാഹകരുടെ സാന്നിധ്യമുണ്ടായിരുന്നതായും കരുതപ്പെടുന്നു.
ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ കാണപ്പെടുന്ന തമിഴ് വട്ടെഴുത്ത് ശിലാലിഖിതം അക്കാലത്തെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു. മാവേലി വാണരായർ എന്ന ഭരണാധികാരിയെ കുറിച്ച് അതിൽ സൂചനയുണ്ട്. പട്ടുവസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ ചെട്ടിസമൂഹം കാഞ്ഞിരപ്പള്ളിയിൽ സജീവമായിരുന്നുവെന്ന് ക്ഷേത്രചരിത്രം വെളിപ്പെടുത്തുന്നു.
പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നസ്രാണി സമൂഹം ഇവിടേയ്ക്ക് വമ്പിച്ച കുടിയേറ്റം നടത്തി . തുടങ്ങി
കോട്ടയത്തുനിന്നും കാഞ്ഞിരപ്പള്ളി വരെയുള്ള നാട്ടുപാതയും തുടർന്ന് മധുര ലക്ഷ്യമാക്കി സഹ്യപർവ്വതം താണ്ടിയുള്ള ചുരവും പുരാതനകാലം മുതൽ നിലവിലുണ്ടായിരുന്നതായാണ് പറയപെടുന്നത്.
AD 1743 ൽ ഡച്ച് കമാൻഡറായ ഗൊള്ളനേസിന്റെ നാട്ടുരാജ്യങ്ങളെ കുറിച്ചുള്ള ലേഖനങ്ങളിൽ മധുരയിൽനിന്നും പാണ്ടിവ്യാപാരികൾ ഭാണ്ഡങ്ങൾ ചുമലിൽ കെട്ടിവച്ച മാട്ടിൻപറ്റങ്ങളെ തെളിച്ച് വ്യാപാരത്തിനായി കാഞ്ഞിരപ്പള്ളിയിലെത്തുന്നത് പരാമർശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ പലവ്യഞ്ജനങ്ങൾ ഇവിടെ കൊടുത്ത് കുരുമുളക് കടത്തിക്കൊണ്ടുപോവുകയാണ് അവർ ചെയ്തത്.
കാഞ്ഞിരപ്പള്ളിയിലെ വ്യാപാരത്തിന്റെ വിപുലമായ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടാവാം തെക്കുംകൂർ കാഞ്ഞിരപ്പള്ളിയിലും ഒരു ആസ്ഥാനം സ്ഥാപിക്കുന്നത്. പടിഞ്ഞാറൻ തുറമുഖങ്ങളെ ആശ്രയിച്ചുള്ള വ്യാപാരത്തിനായി കോട്ടയത്തങ്ങാടിയെ നിയന്ത്രിക്കാൻ കോട്ടയം ആസ്ഥാനമാക്കിയതുപോലെ മലയോരമേഖല കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിൽ ഇടപെടാൻ കാഞ്ഞിരപ്പള്ളിയും മറ്റൊരു ആസ്ഥാനമാക്കി . നാടുവാഴുന്ന രാജാവിന്റെ അനുജനായിരുന്നു കാഞ്ഞിരപ്പള്ളി ആസ്ഥാനമാക്കി ഭരിച്ചിരുന്നത്.
AD 1311ലാണ് ഡൽഹി സുൽത്തായ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യാധിപനായ മാലിക് കാഫർ മധുര ആക്രമിച്ച് കീഴടക്കുന്നത്. 1323ൽ മധുരയിലെ സുൽത്താൻ ഭരണമാരംഭിക്കുന്നു. അക്കാലത്ത് തമിഴ്നാട്ടിലെ അശ്വസൈന്യത്തിന്റെ ചുമതലക്കാരായിരുന്ന റാവുത്തർമാർ വ്യാപാരരംഗത്തും സജീവമായിരുന്നു. കേരളത്തിലെ മലയോര വാണിജ്യകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിൽ അവർ അതോടെ ഇടപെട്ടുതുടങ്ങിയിരുന്നു. കാഞ്ഞിരപ്പള്ളി കൂടാതെ എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ അരി, തുണിത്തരങ്ങൾ, പലവ്യഞ്ജനങ്ങൾ ഒക്കെയും വിറ്റഴിക്കുകയും കുരുമുളക്, ചുക്ക്, ഏലം, ഇലവങ്ഗം, അടയ്ക്ക തുടങ്ങിയവ വാങ്ങി മധുരയിലേയ്ക്കും അവിടെ നിന്ന് കൊറോമാണ്ടൽ (തമിഴ്നാട് തീരം) തീരത്തേയ്ക്ക് കടത്തുകയും ചെയ്തു വന്നു.
AD 1371ൽ വിജയനഗരരാജാവായ ബുക്കരായരുടെ പുത്രനായ കുമാര കമ്പനൻ മധുര സുൽത്താനേറ്റ് ആക്രമിച്ച് കീഴ്പ്പെടുത്തിയത്തോടെ റാവുത്തർ വ്യാപാര സമൂഹം പലയിടത്തായി ചിതറി. കൂടുതൽ പേരും കേരളത്തിലെ മലയോര പട്ടണങ്ങളിലേയ്ക്ക് കുടിയേറി.
AD 1373 ൽ മൂസാവണ്ണൻ റാവുത്തർ, കുലശേഖര ഖാൻ, മൊല്ലാമിയ ലബ്ബ എന്നീ വ്യാപാര പ്രമുഖർ കാഞ്ഞിരപ്പള്ളിയിൽ സ്ഥിരതാമസമാക്കി വ്യാപാരമാരംഭിച്ചു. തുടർന്ന് ഈ വിഭാഗത്തിലുള്ള നിരവധി വ്യാപാരികൾ മേൽ പറഞ്ഞ മലയോര വ്യാപാര കേന്ദ്രങ്ങളിലേക്ക് കുടിയേറി സ്ഥിരതാമസമാക്കി.
ഇവരുടെ വ്യാപാരപാതയിൽ ആരാധനയ്ക്കായി നിരവധി ദർഗകൾ പിൽക്കാലത്ത് സ്ഥാപിതമായി. സൂഫി സന്യാസിവര്യന്മാരായ നിരവധി അവധൂതന്മാർ ഗിരിശൃംഗങ്ങളിലെത്തി ആത്മീയാന്വേഷണങ്ങളിൽ മുഴുകി. ശൈഖ് പീർ മുഹമ്മദ് പീരുമേട്ടിലും ശൈഖ് ഫരീദുദ്ദീൻ ഔലിയ കോലാഹലമേട്ടിലും സ്ഥാനമുറപ്പിക്കുന്നത് അങ്ങനെയാണ്. ശ്രീ അയ്യപ്പന്റെ ഐതിഹ്യത്തിൽ പരാമർശിക്കുന്ന വാവരും ഒരുപക്ഷേ, വ്യാപാരത്തിനായി എരുമേലിയിൽ കുടിയേറിപ്പാർത്ത റാവുത്തർ സമൂഹത്തിൽ നിന്നുള്ള ഒരു സൂഫിവര്യനാകാനും സാധ്യതയുണ്ട്.
വ്യാപാരത്തിനായി കേരളത്തിലെത്തി ചുരുങ്ങിയ കാലം കൊണ്ട് രാഷ്ട്രീയശക്തിയായി തീർന്ന പോർച്ചുഗീസുകാർ കൊച്ചി തങ്ങളുടെ ദക്ഷിണേന്ത്യയിലെ ആസ്ഥാനമാക്കി. കൊച്ചിയിലെ രാജാവിനെ ആശ്രിതനാക്കിയ ശേഷം ഉൾനാടുകളിലെ വാണിജ്യകേന്ദ്രങ്ങളെയും മറ്റു നാടുവാഴികളെയും വരുതിയിലാക്കാനായി ശ്രമമാരംഭിച്ചു. വാണിജ്യവിഭവങ്ങളുടെ ഉദ്പാദനത്തിലും വിതരണത്തിലും ആദ്യകാലം മുതൽ സ്വാധീനമുറപ്പിച്ച സുറിയാനി ക്രൈസ്തവരെ പാട്ടിലാക്കി തങ്ങൾക്കൊപ്പം നിർത്തുക എന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്. മതപരമായ ഇടപെടലിലൂടെ അവരിൽ നല്ലൊരു വിഭാഗത്തെ തങ്ങളുടെ പക്ഷത്തേയ്ക്ക് ചേർക്കാൻ അവർക്ക് സാധിച്ചു.
AD 1601 ൽ കച്ചവടതാൽപര്യം മുൻനിർത്തി പോർച്ചുഗീസ്കാരനായ ഇമ്മാനുവേൽ ലയിത്തോ എന്ന പാതിരിയും സംഘവും കടുത്തുരുത്തിയിൽ നിന്ന് മധുരയിലേയ്ക്ക് യാത്ര തിരിച്ചു. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച് വണ്ടിപ്പെരിയാറും കമ്പംമേടും കടന്ന് മധുരയിലെത്തി. തുടർന്ന് മലയോര വ്യാപാര മേഖലയിലെ പറങ്കി സ്വാധീനം ശക്തിപ്പെടുകയും ചെയ്തു. മധുരയിൽ നിന്നുള്ള ചരക്കുകടത്ത് ശക്തമാക്കിയതോടെയാണ് ഇത് സാധ്യമായത്.
AD 1570 മുതൽ 1607 വരെ കൊച്ചിയിലെ സുഗന്ധവ്യഞ്ജനവ്യാപാരത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന ഫ്രാൻസിസ് ഡാ കോസ്റ്റ കാഞ്ഞിരപ്പള്ളി അങ്ങാടിയിൽ നിന്നു തന്നെ 10,320 ക്വിൻറൽ കുരുമുളക് മധുരയിലേയ്ക്ക് കടത്തിയതായി രേഖയുണ്ട്. കൂടാതെ മറ്റു മലയോര അങ്ങാടികളിൽ നിന്നും ഇതിനോടടുത്ത അളവിൽ കയറ്റിയയച്ചു. ഈ അങ്ങാടികളൊക്കെയും നിയന്ത്രിച്ചിരുന്ന റാവുത്തർമാർക്ക് വലിച്ച തിരിച്ചടിയാണ് പറങ്കിവ്യാപാരം മൂലമുണ്ടായത്. അവരുടെയും താൽപ്പര്യം തെക്കുംകൂറിന് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇതിനിടയിൽ പറങ്കികൾ വണ്ടിപ്പെരിയാറ്റിൽ ഒരു കോട്ടയും അതിനുള്ളിൽ ആയുധപ്പുരയും സ്ഥാപിച്ചിരുന്നു.
സാമൂതിരിയുടെ സന്തതസഹചാരികളും കോഴിക്കോട്ടെ വ്യാപാര രംഗത്തെ പ്രമുഖരുമായ മരയ്ക്കാർ സമൂഹം പറങ്കികളെ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി കടലിലെ പോരാട്ടങ്ങൾ ശക്തമാക്കിയ സമയമായിരുന്നു അത്. തങ്ങളുടെ വ്യാപാരമേഖലയിൽ കടന്നുകയറുകയും ആയുധപ്പുര സ്ഥാപിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പറങ്കികൾക്കെതിരെ റാവുത്തർസമൂഹം സംഘടിച്ചു. അവർ തെക്കുംകൂർ രാജാവിനോട് പരാതി ഉന്നയിച്ചതിൻ പ്രകാരം ആയുധപ്പുര നീക്കം ചെയ്യുന്നതിന് പോർച്ചുഗീസുകാരോട് ആവശ്യപ്പെടുകയും അപ്രകാരം നടപ്പിലാകുകയും ചെയ്തു. അധികം വൈകാതെ AD 1663 ൽ ഡച്ചുകാർ കൊച്ചി പിടിച്ചതോടെ പറങ്കികൾക്ക് തങ്ങളുണ്ടാക്കിയ സകല സംവിധാനങ്ങളും ഇട്ടെറിഞ്ഞ് പോകേണ്ടതായും വന്നു.