എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ഇടിയപ്പം എന്നാൽ ഇത് ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ടു കാരണം പലരും മടിച്ചു നിൽക്കുന്നു അത് പിരിഞ്ഞെടുക്കുമ്പോൾ കൈയേറെ വേദനിക്കുന്നു എന്നതാണ് ഒരു പ്രയാസമുള്ള കാര്യം. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടുണ്ടായാലും ചിലപ്പോൾ ഇടിയപ്പം സോഫ്റ്റ് ആകണമെന്നുമില്ല. എന്നാൽ ഇതിനെല്ലാം പോംവഴിയുണ്ട്. നൂലപ്പം പഞ്ഞിപോലെ സോഫ്റ്റ് ആവാൻ ഈ ട്രിക്ക് മാത്രം മതി.
ആവശ്യമായ ചേരുവകൾ
അരിപ്പൊടി
വെള്ളം
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന രീതി
ഇടിയപ്പം തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വയ്ക്കുക. രണ്ട് കപ്പ് അളവിലാണ് അരിപ്പൊടി എടുക്കുന്നത് എങ്കിൽ മൂന്നര കപ്പ് അളവിലാണ് വെള്ളം ആവശ്യമായി വരിക. മൂന്നര കപ്പ് വെള്ളം പാനിലേക്ക് ഒഴിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും, അല്പം വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ എടുത്തുവച്ച അരിപ്പൊടി അതിലേക്ക് ഇട്ട് നല്ല രീതിയിൽ കുറുക്കി എടുക്കുക. വറുത്ത അരിപ്പൊടിയാണ് ഇടിയപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ശേഷം പൊടിയിൽ നിന്നും വെള്ളം മുഴുവനായും വറ്റിക്കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു മാവ് മാറ്റി വെക്കാവുന്നതാണ്. ഈയൊരു മാവ് കുറച്ചുനേരം അടച്ചുവെക്കണം. ചൂട് മാറിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് ഒട്ടും കട്ടകളില്ലാതെ നന്നായി സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിനെ ഒരേ വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി വയ്ക്കുക. സേവനാഴിയിൽ അല്പം എണ്ണ തടവിയ ശേഷം മാവ് അതിലേക്ക് ഇട്ട് ആവശ്യമുള്ള പാത്രത്തിലേക്ക് പിഴിഞ്ഞ് എടുക്കുക. മാവ് വളരെ സോഫ്റ്റ് ആയതുകൊണ്ട് തന്നെ പിഴിയുമ്പോൾ അധികം കഷ്ടപ്പെടേണ്ട. ശേഷം ആവി കയറ്റി എടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഇടിയപ്പം റെഡിയായി കഴിഞ്ഞു.