സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ന്യൂന മർദ്ദത്തിന്റെ ഫലമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം. ഇത് പ്രകാരം വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ശ്രീലങ്ക-തമിഴ് നാട് തീരത്തേക്ക് എത്തും. തമിഴ്നാട് തീരദേശ മേഖലയിൽ നാളെയോടെ മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബർ 11 ന് മയിലാടുംതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. ഡിസംബർ 12ന് ചെങ്കൽപേട്ട്, വില്ലുപുരം, കടലൂർ, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ നാശം വിതച്ചിരുന്നു. പിന്നാലെയാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. തമിഴ്നാടിന് പുറമെ ആന്ധ്രാ പ്രദേശ്, ദക്ഷിണ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 13 വരെയാണ് നിലവിലെ മുന്നറിയിപ്പ്.