അദാനി വിഷയത്തിൽ പാർലമെന്റിൽ ഭരണ പ്രതിപക്ഷ ബഹളം. ‘മോദിയും അദാനിയും ഒന്നാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. രാജ്യസഭയിൽ അദാനി വിഷയത്തെ പ്രതിരോധിക്കാൻ സോറോസ് വിഷയം ബി.ജെ.പി. എം.പി.മാർ ഉയർത്തിയപ്പോൾ അനുകൂലമായി നിന്ന അധ്യക്ഷൻ ജഗ്ദീപ് ധൻകറെ ‘ഇന്ത്യ’ നേതാക്കൾ രൂക്ഷഭാഷയിൽ വിമർശിച്ചു. അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം വേഗത്തിൽ അവതരിപ്പിക്കുന്നതിന് ആലോചിക്കുന്നതായി ‘ഇന്ത്യ സഖ്യ’ വൃത്തങ്ങൾ പറഞ്ഞു. ധൻകറിനെതിരേ നീങ്ങാൻ ഓഗസ്റ്റിൽ തന്നെ പ്രതിപക്ഷ പാർട്ടികൾ ഒപ്പ് ശേഖരിച്ചിരുന്നുവെങ്കിലും ധൻകറിന് മറ്റൊരു അവസരം നൽകാൻ തീരുമാനിച്ചതിനാൽ പ്രമേയം നൽകിയിരുന്നില്ല. നവംബർ 20 ന് സമ്മേളനം ആരംഭിച്ചത് മുതൽ അദാനി വിഷയത്തിൽ ഇരുസഭകളും നിരന്തരം തടസ്സങ്ങൾ നേരിട്ടിരുന്നു. കോൺഗ്രസ് എം.പിമാരായ മാണിക്കം ടാഗോറും സപ്തഗിരി ശങ്കർ ഉലകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെയും മുഖംമൂടി ധരിച്ച് നേതാക്കൾ പാർലമെൻ്റിൽ പ്രതിഷേധിച്ചു.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പാർലമെന്റ് വളപ്പിൽ ‘മോദിയുമായും അദാനിയുമായും’ രാഹുൽ ഗാന്ധി അഭിമുഖം നടത്തി. മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച് തോളോട് തോൾ ചേർന്നുനിന്ന എം.പി.മാരായ കാൽഗെ ശിവജി ബന്ദപ്പയുമായും മാണിക്കം ടാഗോറുമായുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസ അഭിമുഖം. പാർലമെന്റിന്റെ മകരദ്വാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ‘ഇന്ത്യ’ പാർട്ടി നേതാക്കളും പങ്കെടുത്ത സമരത്തിലായിരുന്നു കൗതുകക്കാഴ്ച.
വ്യത്യസ്തതയാർന്ന ബാഗുമായി എത്തി പ്രിയങ്കയും പ്രതിഷേധത്തിന്റെ ഭാഗമായി. ബാഗിൻ്റെ ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോടീശ്വരനായ വ്യവസായി ഗൗതം അദാനിയുടെയും ചിത്രവും മറുവശത്ത് ‘മോദി അദാനി ഭായ് ഭായ്’ എന്ന മുദ്രാവാക്യവും അടങ്ങുന്ന ആകർഷകമായ ഡിസൈനും ഉണ്ടായിരുന്നു. ബാഗ് കണ്ട് ചിരിച്ച രാഹുൽ ഗാന്ധി സംഭാഷണത്തിനിടെ അത് ഉയർത്തിപ്പിടിച്ചു. മോദി-അദാനി ചിത്രം ഉൾക്കൊള്ളുന്ന മുൻവശത്തെ ഡിസൈൻ പരിശോധിച്ച ശേഷം പിന്നിലെ മുദ്രാവാക്യം കണ്ട രാഹുൽ ഇത് എത്ര മനോഹരമാണെന്ന് പറഞ്ഞു.