ലോകത്തെ ഏറ്റവും വലിയ കായിക വിനോദം ഏതെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമാണ്, അത് ഫുട്‌ബോള്‍ മാത്രം. 3.5 ബില്യണ്‍ ആരാധകരും 200 രാജ്യങ്ങളിലായി 250 ലക്ഷം കളിക്കാരുമാണ് പുല്‍ മൈതാനത്തിലെ ഈ വമ്പന്‍മാർക്ക് കൂട്ടായി അണിനിരക്കുന്നത്. 2.5 ബില്യണ്‍ ആരാധകരോടുള്ള ക്രിക്കറ്റ്, 2.2 ബില്യണ്‍ ആരാധകരുള്ള ബാസ്‌ക്കറ്റ് ബോള്‍ രണ്ട് ബില്യണ്‍ ആരാധകരുള്ള ഹോക്കിയും, പിന്നെ ടെന്നീസും, വോളിബോളും, ടേബിള്‍ ടെന്നീസ്, ബേസ് ബോളും എന്നീ കായിക ഇനങ്ങള്‍ ഫുട്ബോളിനു പിന്നിലായി നിലയുറപ്പിച്ചിട്ടുണ്ട്.
കായിക ലോകം
2024ല്‍ നടന്ന പ്രധാന കായിക മത്സരങ്ങളില്‍ മുന്‍പന്തിയില്‍ നിന്നത് പാരീസ് ഒളിമ്പിക്‌സ് തന്നെയാണ്. കോവിഡ് മൂലം ജപ്പാനിലെ ഒളിമ്പിക്‌സില്‍ താറുമാറായതിന്റെ ക്ഷീണം ശരിക്കും പൂര്‍ണമായി മാറ്റിയത് പാരീസിലാണ്. ശൈത്യ- ശീതകാല ഒളിമ്പിക്‌സിന് പാരീസിന്റെ വിവിധ നഗരങ്ങള്‍ വേദിയായി. മെഡലുകളില്‍ അമേരിക്കന്‍ ആധിപത്യം തുടര്‍ന്നുവെങ്കിലും ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും ജപ്പാനും തൊട്ടു പുറകെ ഉണ്ടായിരുന്നു. അഞ്ചു വെങ്കലവും ഒരു വെള്ളിയും കൊണ്ട് തൃപ്തിപ്പെട്ട ഇന്ത്യന്‍ സംഘം പാരീസ് ഒളിമ്പിക്‌സില്‍ 71 ആം സ്ഥാനത്തായിരുന്നു.
പാരിസിലെ ഇന്ത്യന്‍ കഥ
ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര നേടിയ വെള്ളിയാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന മെഡല്‍ നേട്ടം. ഷൂട്ടിങ്ങില്‍ മൂന്നും ഗുസ്തിയിലും ഹോക്കിയിലും ഓരോ വെങ്കലമാണ് പിന്നീട് ഇന്ത്യയില്‍ ലഭിച്ചത്. ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ താരം മനു ഭക്കാര്‍ രണ്ടു വെങ്കലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. എയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് മനു മത്സരിച്ചത്. വെങ്കല മെഡല്‍ നേടിയ അമന്‍ സഹരാവത് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ മെഡല്‍ ജേതാവായിരുന്നു. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ തരത്തില്‍ സ്വപ്തില്‍ കുശാലെ വെങ്കലം നേടി. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെയാകെ കണ്ണീരണിയിച്ച ഒരു സംഭവം അരങ്ങേറി. ഗുസ്തി ഫൈനലിന് തൊട്ടുമുന്‍പ് വിനേഷ് ഫോഗട്ടിനെ അയോഗയാക്കിയ സംഭവമാണ് നൊമ്പരമായി മാറിയത്. വെറും 100 ഗ്രാം ഭാര കൂടുതല്‍ ഉണ്ടെന്ന കാരണത്താലാണ് അയോഗ്യത കല്‍പ്പിച്ചത്. അപ്പീലുകള്‍ നല്‍കി കാത്തിരുന്നെങ്കിലും ഫലം നിരാശമാത്രമായിരുന്നു.
രണ്ടാം ട്വന്റി20 ലോകകപ്പ്
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഇനവും, കോടികളുടെ ബിസിനസ് നടക്കുന്ന ക്രിക്കറ്റ് മേഖലയില്‍ 2024 വര്‍ഷം സന്തോഷവും അതുപോലെ ചില സങ്കടങ്ങളും സമ്മാനിച്ചു. കുട്ടി ക്രിക്കറ്റിലെ രണ്ടാം ലോകകപ്പ് നേട്ടം ഇന്ത്യ സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ത്രില്ലര്‍ ഫൈനലിലൂടെ ആയിരുന്നു. വെസ്റ്റിന്‍ഡീസിലും യുഎസിനുമായി നടന്ന ലോകകപ്പില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മറ്റു ടീമുകള്‍ക്ക് കനത്ത വെല്ലുവിളി തന്നെ ഉയര്‍ത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമംഗമായിരുന്നുവെന്നത് ഇരട്ടി സന്തോഷവുമായി. കളിയുടെ ഗതി തിരിച്ചുവിടുന്ന ഉഗ്രന്‍ പന്തുകള്‍ എറിഞ്ഞ് ജസ്പ്രിത് ബുമ്ര 15 വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റിലെ താരമായി. ഈ ലോകകപ്പ് വിജയത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂപ്പര്‍ ബാറ്റര്‍ കിംഗ് കോഹ്ലിയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
യൂറോ കപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍
ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞാല്‍ യൂറോ കപ്പിന് ലഭിക്കുന്ന സ്വീകാര്യത ഇരട്ടിയാണ്. ഈ വര്‍ഷം ജര്‍മ്മനിയില്‍ നടന്ന യൂറോ കപ്പില്‍ സ്‌പെയിന്‍ ആണ് വിജയ കിരീടം ചൂടിയത്. ഇംഗ്ലീഷ് പടയെ മുട്ടുകുത്തിച്ചാണ് സ്‌പെയിനിന്റെ കിരീട നേട്ടം. നാലാം തവണയാണ് യൂറോ കപ്പ് ഫൈനലില്‍ സ്‌പെയിന്‍ ജയിക്കുന്നത്. 24 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ സ്പാനിഷ് താരം റോഡ്രിഗോ ഫെര്‍ണാണ്ടസ് മികച്ച താരമായി.
വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡ്
20 വനിതാ ലോകകപ്പ് കന്നി കിരീടം നേട്ടം സ്വന്തമാക്കിയ ന്യൂസിലാന്‍ഡ് വനിതാ ക്രിക്കറ്റ് ടീം ഇത്തവണ കാണികളുടെ മനം കവര്‍ന്നു. യുഎഇ വേദിയായ ടൂര്‍ണമെന്റില്‍ പത്തു ടീമുകളാണ് മത്സരിച്ചത്. ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായി. 6 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ നേടിയ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കേറാണ്.
കോപ്പ അമേരിക്ക അര്‍ജന്റീനയ്ക്ക്, യുവേഫ ചാമ്പ്യന്‍സ് ലീഗ് റയല്‍ മഡ്രിഡിന്
ഫൈനലില്‍ കൊളംബിയയെ 1-0 ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. 16-ാം തവണയാണ് കിരീട നേട്ടം. കൊളംബിയന്‍ താരം ഹമിഷ് റോഡ്രിഗസ് ടൂര്‍ണമെന്റിലെ മികച്ച താരമായി. 5 ഗോളുകള്‍ നേടിയ അര്‍ജന്റീനിയന്‍ താരം ലൗടാരോ മാര്‍ട്ടിനെസാണ് ടോപ് സ്‌കോറര്‍.
2024 യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി റയല്‍ മഡ്രിഡ്. ലണ്ടന്‍ വേദിയായ ടൂര്‍ണമെന്റില്‍ 36 ടീമുകള്‍ മത്സരിച്ചു. 15-ാം തവണയാണ് റയല്‍ മഡ്രിഡ് കിരീടം നേടുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 2-0 ന് തോല്‍പ്പിച്ചാണ് നേട്ടം.
ടെന്നീസ് ഗ്രാന്‍ഡ് സ്ലാമുകള്‍
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ വിഭാഗത്തില്‍ ഇറ്റലിയുടെ ജാനിക്ക് സിന്നറും, വനിതാ വിഭാഗത്തില്‍ ബലാറസിന്റെ അരിയാന സഫലങ്കയും കിരീടം ചൂടി. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൈപ്പണ്ണ ഓസ്‌ട്രേലിയന്‍ താരം മാത്യു എബിഡന്‍ എന്നിവര്‍ കിരീടം ചൂടി. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍ക്കാരസും, പോളണ്ട് തരം ഇഗ സൈ്വറ്റ്കും പുരുഷ വനിതാ കിരീടങ്ങള്‍ ചൂടി. വിംബിള്‍ഡണ്‍ കാര്‍ലോസ് അല്‍ക്കാരസും, ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറയും കിരീടനേട്ടം സ്വന്തമാക്കി. യുഎസ് ഓപ്പണില്‍ ഇറ്റലിയുടെ ജാനിക്ക് സിന്നറും, ബലാറസിന്റെ അരിയാന സഫലങ്കയും ഇത്തവണത്തെ ചാമ്പ്യന്മാരായി.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ്
രാജ്യത്തെ ഏറ്റവും വലിയ മത്സരം ഏതെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കുമറിയാം അത് ഇന്ത്യന്‍ പ്രിമീയര്‍ ലീഗെന്ന ഐപിഎല്‍ ആണെന്ന്. 17 ാമത് ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. മൂന്നാം തവണയാണ് കൊല്‍ക്കത്ത ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. 15 മത്സരങ്ങളില്‍ നിന്ന് 741 റണ്‍സ് നേടിയ വിരാട് കോലിയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത്. 14 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ നേടിയ ഹര്‍ഷല്‍ പട്ടേലാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ടൂര്‍ണ്ണമെന്റ്‌റിലെ ഏറ്റവും വിലമതിക്കുന്ന താരമായി സുനില്‍ നരെയ്ന്‍. രണ്ടുമാസം നീണ്ടുനിന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ 10 ടീമുകള്‍ 74 മത്സരങ്ങള്‍ കളിച്ചു. സഞ്ജു സാംസങ് ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍ 17 സ്ഥാനത്ത് വന്നെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ 17 പോയിന്റ് ഉള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് ഇന്ത്യ
അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ ന്ടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലിലേക്കുള്ള മത്സരങ്ങളില്‍ ആധിപത്യം തുടര്‍ന്ന ഇന്ത്യ വര്‍ഷാവസനത്തോടെ അതു നഷ്ടപ്പെടുത്താന്‍ സാധ്യത. ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റ് മത്സരങ്ങളോടെ ഈ വര്‍ഷത്തെ ഷെഡ്യൂള്‍ ആരംഭിച്ചത്. 4-1 ജയിച്ച ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ ഒന്നാമതെത്തി. പിന്നീട് ബംഗ്ലാദേശിനെ 2-0 ത്തിനും തോല്‍പ്പിച്ചിരുന്നു. എന്നാല്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ തോല്‍വിയറിഞ്ഞു. ന്യുസിലാന്റുമായിട്ടുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗവാസകര്‍ ട്രോഫിയിലെ മത്സര നിലയെ അനുസരിച്ചാണ് ഇന്ത്യയുടെ സാധ്യതകള്‍.
കേരളവും കായികയും
കേരളം സംഘടിപ്പിച്ച പ്രഥമ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മികച്ച അഭിപ്രായം നേടി മുന്നേറി. എറണാകുളത്ത്‌വെച്ച് നടന്ന മേളയില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറമായിരുന്നു അത്‌ലറ്റിക്‌സില്‍ കിരീടം ചൂടിയത്. ഫുട്‌ബോള്‍ പ്രേമികളുടെ ആവേശമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാണികളുടെ മികച്ച സപ്പോര്‍ട്ടാണ് ഐഎസ്എല്ലിന് ലഭിക്കുന്നത്. ഐഎസ്എല്ലിന്റെ ചുവട്പിടിച്ച് കേരളത്തിലെ ജില്ലകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റ് നവ്യാനുഭവമായി മാറി. കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോര്‍ലൈന്‍ സ്പോര്‍ട്സും യൂണിഫെഡ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ കേരളത്തിലെ ഒരു പുരുഷ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗാണ് സൂപ്പര്‍ ലീഗ് കേരള. ആദ്യ സീസണില്‍ ആറ് ടീമുകളാണ് മത്സരിച്ചത്. കോഴിക്കോട് പ്രഥമ കിരീടം ചൂടി.
ക്രിക്കറ്റ് മേഖലയ്ക്കുള്ള സംഭവാന നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ആറു ടീമുകള്‍ മാറ്റുരച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. കൊല്ലം സെയിലേഴ്‌സ് കിരീടം ചൂടിയ ആദ്യ ലീഗ് കേരളത്തിലെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പുതിയ വഴിത്തിരിവായി മാറി.