കാണാതായ ബന്ധുക്കളെത്തേടി സെയ്ദ്‌നിയ ജയിലിനു മുന്നില്‍ കൂട്ടം കൂടി നില്‍ക്കുകയാണ് ജനങ്ങള്‍. സെയ്ദ്‌നിയ ജയിലില്‍നിന്നുള്ള തടവുകാരെ വിമതര്‍ മോചിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കാണാതായ ബന്ധുക്കളെത്തേടി കുടുംബാംഗങ്ങള്‍ ജയിലില്‍ എത്തിയത്. വിമതര്‍ ജയിലിന്റെ വാതില്‍ തുറന്നിട്ടെങ്കിലും ബന്ധുക്കള്‍ പുറത്തുവരാത്തതിനെ തുടര്‍ന്ന് കാത്തുനിന്നവര്‍ ജയിലിനുള്ളിലേക്കു പ്രവേശിച്ചു. പലരും ജയിലിലെ തടവുമുറികളിലേക്കു കയറി നോക്കി പരിശോധിച്ചിട്ടും ബന്ധുക്കളെ കാണ്ടെത്താനായില്ല. ഇതില്‍ അധികൃതരോടു പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്.
ബഷാര്‍ അല്‍ അസദിന്റെ കാലത്ത് പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമായി ആയിരക്കണക്കിനു പേരെയാണ് സെയ്ദ്‌നിയ ജയിലില്‍ പീഡിപ്പിച്ചത്. വര്‍ഷങ്ങളോളം, സൂര്യപ്രകാശം കാണാത്ത, ഭൂമിക്കടിയിലുള്ള, ചെറിയ തടവുമുറികളില്‍ പട്ടിണിയും അവഗണനയുമായിരുന്നു ഈ തടവുകാര്‍ക്കു ലഭിച്ചത്. അസദിന്റെ സേന പിടിച്ചുകൊണ്ടുപോയവര്‍ക്ക് എന്തുപറ്റിയെന്നത് ഇപ്പോഴും അറിയില്ല. അതില്‍ ചിലര്‍ മാത്രമാണു വിമതസേന ജയിലിന്റെ വാതിലുകള്‍ തുറന്നപ്പോള്‍ പുറത്തുവന്നത്. ”റെഡ് പ്രിസണ്‍ എന്ന പേരില്‍ ഭൂമിക്കടിയില്‍ മൂന്നുനില താഴെ തടവുമുറികളുണ്ട്. ആ മുറികള്‍ ഇതുവരെ തുറക്കാനായിട്ടില്ല. വളരെ സങ്കീര്‍ണമായ പൂട്ടുകളാണ്. അതു തുറക്കാന്‍ അറിയാവുന്നവര്‍ ഇപ്പോള്‍ സ്ഥലത്തില്ല” – രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകരസംഘടനയെന്ന ലേബലുണ്ടെങ്കിലും വിമതസേനയുമായി ചര്‍ച്ചകള്‍ക്ക് അതൊന്നും പ്രശ്‌നമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. നിലവില്‍ ഹയാത് തഹ്രീര്‍ അല്‍-ഷാമുമായി (എച്ച്ടിഎസ്) സജീവ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, 12 വര്‍ഷംമുന്‍പ് സിറിയയില്‍വച്ച് തട്ടിക്കൊണ്ടുപോയ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഓസ്റ്റിന്‍ ടൈസിനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ അമേരിക്ക ആരംഭിച്ചു. ഇതിനായി പ്രത്യേക ദൂതന്‍ റോജര്‍ കാര്‍സ്റ്റെന്‍സ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെത്തി. ടൈസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണു ജോ ബൈഡന്‍ ഭരണകൂടത്തിന്റെ വിശ്വാസം.
സിറിയയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വിമതസേനയുടെ നേതൃത്വത്തില്‍ നടക്കുന്നു. വിമത സേനയായ എച്ച്ടിഎസിന്റെ കമാന്‍ഡര്‍ അബു മുഹമ്മദ് അല്‍ ജുലാനി, നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ജലാലിയുമായും വൈസ് പ്രസിഡന്റ് ഫൈസല്‍ മെക്ദാദുമായും ചര്‍ച്ച നടത്തി. വടക്കുപടിഞ്ഞാറന്‍ സിറിയയുടെയും ഇദ്ലിബിന്റെയും ചില ഭാഗങ്ങള്‍ ഭരിച്ചിരുന്ന സാല്‍വേഷന്‍ സര്‍ക്കാരിന്റെ അധിപനായ മുഹമ്മദ് അല്‍ ബഷീര്‍ ആണ് ട്രാന്‍സിഷനല്‍ സര്‍ക്കാരിന്റെ തലവനാകുക. ദിവസങ്ങളെടുത്തേ അധികാരക്കൈമാറ്റം പൂര്‍ത്തിയാക്കാനാകൂയെന്ന് ജുലാനി മാധ്യമങ്ങളോടു പറഞ്ഞു.