ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് 100 വീടുകൾ വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സര്‍ക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കി. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.
അതേസമയം, വയനാടിനുള്ള സഹായം വൈകുന്നതിൽ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. ദുരന്തം കുറവായ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നു. എന്നാൽ അതിലും വലിയ ദുരന്തമുണ്ടായ കേരളത്തോട് മുഖം തിരിക്കുന്നു. മോദി സർക്കാർ പത്ത് വർഷമായി സംസ്ഥാനത്തെ ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.