വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 339 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരത്ത് നടന്നു. എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 52 പേരും എം.എസ്.പി, കെ.എ.പി ഒന്ന്, രണ്ട്, മൂന്ന് ബറ്റാലിയനുകളില്‍ നിന്നായി യഥാക്രമം 57 പേരും 35 പേരും 52 പേരും 44പേരുമാണ് പരേഡില്‍ പങ്കെടുത്തത്. കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്ന് 44 പേരും അഞ്ചാം ബറ്റാലിയനില്‍ നിന്ന് 29 പേരും വനിതാ ബറ്റാലിയനില്‍ നിന്ന് 26 പേരും പരേഡില്‍ പങ്കെടുത്തു. തിരുവനന്തപുരം പുതിയതുറ സ്വദേശി ഡോണ്‍ ക്രിസ്റ്റോ ആയിരുന്നു പരേഡ് കമാന്‍ഡര്‍. കോഴിക്കോട് വെങ്ങളം സ്വദേശി അശ്വിന്‍ ടി ടി പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയി.
പരിശീലനകാലയളവില്‍ മികവു തെളിയിച്ച വിവിധ ബറ്റാലിയനുകളില്‍ നിന്നുള്ള റിക്രൂട്ട് സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എസ്.എ.പി, എം.എസ്.പി എന്നീ ബറ്റാലിയനുകളില്‍ നിന്ന് മികച്ച ഓള്‍റൗണ്ടര്‍മാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം അരവിന്ദ് വി.എസ്, അഖില്‍ ടി എന്നിവരാണ്. കെ.എ.പി ഒന്നില്‍ നിന്ന് ജെറോം കെ ബിജുവും കെ.എ.പി രണ്ടില്‍ നിന്ന് മിഥുന്‍ ആറും കെ.എ.പി മൂന്നില്‍ നിന്ന് വിനു വി നാഥും ഓള്‍റൗണ്ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്ന് ഹിരോഷ് ബാബുവും കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ നിന്ന് മുഹമ്മദ് ഹാഷിം എ യും വനിതാ ബറ്റാലിയനില്‍ നിന്ന് എവലിന്‍ അന്നാ ബേസിലും മികച്ച ഓള്‍റൗണ്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പരിശീലനം പൂര്‍ത്തിയാക്കി ഇന്ന് സേനയുടെ ഭാഗമായ 339 പേരില്‍ 36 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികളാണ്. ഏഴ് എം.ബി.എക്കാര്‍ ഉള്‍പ്പെടെ 30 പേരാണ് ബിരുദാനന്തര ബിരുദധാരികള്‍. ബി.ബി.എയും ബി.സി.എയും ഉള്‍പ്പെടെയുള്ള ബിരുദം നേടിയ 161 പേരും ഇന്നു സേനയുടെ ഭാഗമായി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മറ്റു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.