1971 ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച യുവ ഓഫീസർ സെക്കൻ്റ് ലെഫ്റ്റനൻ്റ് രാധാ മോഹൻ നരേഷിന് ജന്മനാടിൻ്റെ ആദരവ്. അദ്ദേഹത്തിൻ്റെ ചരമദിനമായ ഇന്ന് (ഡിസംബർ 10) കൊല്ലം ആശ്രാമം മൈതാനത്തിന് അടുത്ത് യുദ്ധനായകൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തു. പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പി-യും ലെഫ്.നരേഷിൻ്റെ സഹോദരങ്ങളായ ഡോ.ഗോപി മോഹൻ നരേഷ്, ശ്രീമതി.ശ്രീകലാ റാണി എസ്, ശ്രീ.പ്രവീൺ നരേഷ് എന്നിവരും ചേർന്ന് യുദ്ധവീരൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
ലെഫ്.നരേഷ് പ്രവർത്തിച്ചിരുന്ന 9 ജാട്ട് റെജിമെൻ്റിനെ പ്രതിനിധീകരിച്ച് നായ്ക്ക് സുബേദാർ കിഷോർ ഉൾപ്പെടെ മൂന്ന് സേനാംഗങ്ങളും, സൈനിക വെൽഫെയർ ബോർഡ് ഓഫീസർ വിംഗ് കമാൻഡർ (റിട്ട) സന്തോഷ്, കരസേനാ ഉദ്യോഗസ്ഥർ, സൈനികർ, വിമുക്തഭടന്മാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 1971 ഡിസംബർ 10-ന്, പാകിസ്ഥാൻ്റെ കാലാൾപ്പട സൈന്യം ആക്രമണം നടത്തിയ മുനാവർ താവി നദിയിലെ റായ്പൂർ ക്രോസിംഗ് സംരക്ഷിക്കാൻ സെക്കൻ്റ് ലെഫ്റ്റനൻ്റ് രാധാ മോഹൻ നരേഷിനെ പ്ലാറ്റൂൺ കമാൻഡറായി ചുമതലപ്പെടുത്തി. നരേഷ് തൻ്റെ പ്ലാറ്റൂണിനെ മുന്നിൽ നിന്ന് നയിക്കുകയും, പോസ്‌റ്റ് നിലനിർത്താൻ ധീരമായ പോരാട്ടം നടത്തുകയും ചെയ്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമെൻ്റിൽ കമ്മീഷൻ ചെയ്തിട്ട് ഒരാഴ്ച മാത്രം ആയിട്ടുള്ള ഈ ഉദ്യോഗസ്ഥന് വെറും 21 വയസ്സായിരുന്നു.
CONTENT HIGHLIGHTS: 1971 war martyr 2nd LT RM Naresh statue unveiled