വിശ്വ ഹിന്ദു പരിഷത് സമ്മേളനത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളിൽ വിശദീകരണം തേടി സുപ്രിംകോടതി. പ്രസംഗത്തിന്റെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ. അലഹബാദ് ഹൈക്കോടതിയോടാണ് വിശദാംശങ്ങൾ തേടിയത്. ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുക എന്നായിരുന്നു ജഡ്ജി പറഞ്ഞത്. സോഷ്യൽ മീഡിയയിലെ സംഘ്പരിവാർ ഗ്രൂപ്പുകളിൽ മുസ്ലിംകളെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന ‘കത്മുല്ല’ എന്ന പദവും ജഡ്ജി പ്രസംഗത്തിൽ ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് ദയയും സഹിഷ്ണുതയുമാണ് പഠിപ്പിക്കേണ്ടത്. എന്നാൽ മൃഗങ്ങളെ അറുക്കുന്നത് കണ്ടുവളരുന്ന മക്കൾക്ക് എങ്ങനെയാണ് ദയയും സഹിഷ്ണുതയും ഉണ്ടാവുക എന്നും ജസ്റ്റിസ് എസ്.കെ യാദവ് ചോദിച്ചിരുന്നു.
ഡിംസബർ എട്ടിന് സംഘ്പരിവാർ സംഘടനയായ വിഎച്ച്പി ഏക സിവിൽകോഡ് സംബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ജഡ്ജിയുടെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. ദി ക്യാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) ജസ്റ്റിസ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകുകയും ചെയ്തിരുന്നു.