Celebrities

വിവാദങ്ങൾ, സൈബർ ആക്രമണം…; നയൻതാരയ്ക്ക് 2024 മോശം സമയമോ ? | nayanthara

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തന്റെ സ്കിൻ കെയർ ബ്രാൻഡിന് നയൻതാര തുടക്കം കുറിച്ചത്

കരിയറിൽ ആയാലും ജീവിതത്തിൽ ആയാലും മറക്കാനാകാത്ത വർഷമായിരുന്നു നയൻതാരയ്ക്ക് 2024. വിവാദങ്ങളിലൂടെയും സൈബർ അറ്റാക്കുകളിലൂടെയും മറ്റു പല ആരോപണങ്ങളിലൂടെയും ഈ വർഷം നയൻതാര കടന്നുപോയി. ധനുഷുമായി  ഉണ്ടായ പ്രശ്നമായിരുന്നു അതിൽ അവസാനത്തേത്. വലിയ ഹിറ്റുകൾ ഈ വർഷം നടിക്ക് സ്വന്തമായിരുന്നില്ല. കരിയറിനൊപ്പം കുടുംബജീവിതവും ബാലൻസ് ചെയ്തു കൊണ്ടു പോകുന്ന ഒരു രീതിയാണ് ഈ വർഷം നയൻതാര അവലംബിച്ചത്. എന്നാൽ മുൻവർഷങ്ങൾ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവന്നത് ഈ വർഷം തന്നെയായിരുന്നു. സോഷ്യൽ മീഡിയയിലും നടി സജീവമായത് ഈ വർഷമായിരുന്നു. അതിനു പിന്നിൽ വ്യക്തമായ ബിസിനസ് ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.

ഈ​ഗോ പ്രശ്നമുള്ളയാൾ, ദേഷ്യക്കാരി, സ്വന്തം പണത്തിന് മാത്രം വില നൽകുന്നയാൾ എന്നിങ്ങനെ കുറ്റപ്പെടുത്തലുകൾ വന്ന് കൊണ്ടിരിക്കെയാണ് നയൻ‌താര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ​ഡോക്യുമെന്ററി ഇറങ്ങിയത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ റിലീസ് ചെയ്തത്. നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് റിലീസ്. വിവാദങ്ങള്‍ക്ക് കാരണമായ നാനും റൗഡി താന്‍ ചിത്രത്തിലെ ബിഹൈന്‍ഡ് ദി സീന്‍സ് ദൃശ്യങ്ങളും അടങ്ങിയതാണ് പുറത്തുവന്ന ഡോക്യുമെന്ററി.

വിവാഹത്തില്‍ ഒതുങ്ങി നില്‍ക്കാതെ നയന്‍താരയുടെ ജീവിത കഥ പറയുന്നതാണ് ഡോക്യുമെന്ററി. 1.22 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. അമിത് കൃഷ്ണനാണ് സംവിധാനം. ഗൗതം വാസുദേവ മേനോന്റെ പേരാണ് നേരത്തെ സംവിധായകസ്ഥാനത്ത് കേട്ടിരുന്നത്.

സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യുമെന്ററിയിലുള്ളത്. വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.

നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ‌ ഉപയോ​ഗിച്ചതിന് സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രം​ഗത്ത് മൂന്ന് പേജുള്ള കത്ത് നടനെതിരെ പുറത്ത് വിട്ടത്. ഇതിന്റെ പേരിൽ ധനുഷ് ആരാധകർ കടുത്ത സൈബർ ആക്രമണം നയൻതാരയ്ക്കെതിരെ നടത്തുന്നുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തന്റെ സ്കിൻ കെയർ ബ്രാൻഡിന് നയൻതാര തുടക്കം കുറിച്ചത്. ഈ വർഷം ഈ പ്രൊഡക്ടിന്റെ മാർക്കറ്റിം​ഗുമായി ബന്ധപ്പെട്ട് നടി സോഷ്യൽ മീഡിയയിലും ഇവന്റുകളിലും സജീവമായെത്തി. ഇത് സിനിമാ ലോകത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് വരില്ലെന്ന് ശാഠ്യമുള്ള നടിയാണ് നയൻതാര.

ജവാൻ സിനിമയുടെ ഒറ്റ ഇവന്റിൽ പോലും താരം പങ്കെ‌ടുത്തിരുന്നില്ല. എന്നാൽ സ്വന്തം ബിസിനസിന്റെ കാര്യം വന്നപ്പോൾ മീഡിയകൾക്ക് മുന്നിലെത്തിയല്ലോ എന്ന് പലരും ചൂണ്ടിക്കാട്ടി. പിന്നാലെ നയൻതാരയ്ക്ക് ഷൂട്ടിം​ഗ് സെറ്റിലുള്ള നിബന്ധനകളും ചർച്ചയായി. 9 മണിക്ക് വന്ന് ആറ് മണിക്ക് ഷൂട്ട് തീർത്ത് മടങ്ങുന്നതാണ് നയൻതാരയുടെ രീതി. എന്നാൽ മക്കളായ ശേഷം ഈ സമയത്തിൽ വീണ്ടും മാറ്റം വന്നെന്നും ലൊക്കേഷനിലേക്ക് കൂടുതൽ ദൂരമുണ്ടെങ്കിൽ നടി അധികം പ്രതിഫലം ആവശ്യപ്പെടുമെന്നും ഫിലിം ജേർണലിസ്റ്റ് അനന്തൻ ആരോപിച്ചു.

സെറ്റിൽ മക്കളുടെ ആയമാരുടെ ചെലവും താമസ സൗകര്യവുമെല്ലാം നയൻതാരയല്ല നോക്കുന്നത്, പ്രൊഡ്യൂസർമാരാണെന്നും അന്തനൻ വാദിച്ചു. ഇത് വലിയ തോതിൽ ചർച്ചയായി. പിന്നീട് ഇതേ ഫിലിം ജേർണലിസ്റ്റ് മറ്റൊരു വലിയ ആരോപണവും നടിക്ക് നേരെ ഉന്നയിച്ചു. താൽക്കാലികമായി താമസിച്ചിരുന്ന അപാർട്മെന്റിലെ അയൽവാസികളുമായി നയൻതാരയ്ക്ക് പ്രശ്നമുണ്ടെന്നും കുട്ടികളെ ആരും ശല്യപ്പെടുത്തരുതെന്ന് വാശി പിടിക്കുന്ന നയൻതാര അയൽവാസികളോടും ഡെലിവറി ബോയ്സിനോടും ദേഷ്യപ്പെട്ടെന്നും ഇയാൾ പറഞ്ഞു.

ആരോപണം വലിയ ചർച്ചയായെങ്കിലും നയൻതാര ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഇതിനിടെ നയൻതാരയുടെ ഈ​ഗോ പ്രശ്നങ്ങളും ചർച്ചയായി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നടി മംമ്ത മോഹൻദാസ് നയൻതാരയുടെ പേരെടുത്ത് പറയാതെ നടിയിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് സംസാരിച്ചു. നേരത്തെയും മംമ്ത ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ നയൻതാരയുടെ പ്രതിഛായ മോശമായിരിക്കെ ഈ അഭിമുഖം വലിയ ചർച്ചയായി.

കുസേലൻ എന്ന സിനിമയിലെ ​ഗാന രം​ഗത്തിൽ അഭിനയിക്കാൻ താനെത്തിയപ്പോൾ നായിക നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നും നടി ഷൂട്ടിനെത്താതായതോടെ തന്റെ സീനുകളിൽ ഭൂരിഭാ​ഗവും ഒഴിവാക്കിയെന്നുമാണ് മംമ്ത വെളിപ്പെടുത്തിയത്.

content highlight: 2024-nayanthara-had-dramatic-year