സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തോല്‍വി. ഒഡീഷയാണ് നാല് വിക്കറ്റിന് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 45-ാം ഓവറില്‍ 198 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ 29 പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ തിളങ്ങിയ ക്യാപ്റ്റന്‍ സുശ്രീ ദേവദര്‍ശിനിയുടെ പ്രകടനമാണ് ഒഡീഷയ്ക്ക് വിജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാരായ ഷാനിയും ദൃശ്യയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സെടുത്ത ദൃശ്യയെ പുറത്താക്കി സുശ്രീയാണ് കേരള സ്‌കോറിങ്ങിന് തടയിട്ടത്. തുടര്‍ന്നെത്തിയ നജ്‌ല ഏഴ് റണ്‍സെടുത്ത് പുറത്തായെങ്കിലും ഷാനിയും ക്യാപ്റ്റന്‍ സജനയും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 50 റണ്‍സ് പിറന്നു. 27 റണ്‍സെടുത്ത സജന പുറത്തായതിന് ശേഷമെത്തിയവര്‍ക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. തുടര്‍ന്നെത്തിയവരില്‍ 21 പന്തില്‍ 25 റണ്‍സെടുത്ത സായൂജ്യയ്ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായത്. 72 റണ്‍സെടുത്ത ഷാനിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഒഡീഷയ്ക്ക് വേണ്ടി സുശ്രീ ദിവ്യദര്‍ശിനി നാലും ജാനകി റെഡ്ഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷയ്ക്ക് തുടക്കത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഒരറ്റത്ത് ഉറച്ച് നിന്ന ക്യാപ്റ്റന്‍ സുശ്രീ ദിവ്യദര്‍ശിനിയുടെ പ്രകടനം ഒഡീഷയ്ക്ക് കരുത്തായി. 100 പന്തുകളില്‍ നിന്ന് 102 റണ്‍സുമായി സുശ്രീ പുറത്താകാതെ നിന്നു. മാധുരി മെഹ്ത 26ഉം ജാനകി റെഡ്ഡി 28ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ദര്‍ശനയും വിനയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.