റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ആല്‍വിന്‍ ഗള്‍ഫില്‍നിന്നെത്തിയത് രണ്ടാഴ്ച മുന്‍പ്. കമ്പനികള്‍ക്കു വേണ്ടി പ്രമോഷന്‍ വിഡിയോ ചെയ്യുന്ന ജോലിയാണ് ആല്‍വിന്‍ നാട്ടില്‍ ചെയ്തിരുന്നത്. വിഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ഗള്‍ഫിലും. വെള്ളയില്‍ ബീച്ചിനു സമീപത്തെ റോഡില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.
രണ്ടു വര്‍ഷം മുന്‍പ് ആല്‍വിന് വൃക്കരോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറു മാസം കൂടുമ്പോള്‍ പരിശോധന നടത്തണം. അതിനായാണ് നാട്ടില്‍ എത്തിയത്. അതിനിടെയാണ് വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാന്‍ ഇന്നു രാവിലെ വെള്ളയില്‍ എത്തിയത്.
റോഡിനു നടുവില്‍ നിന്ന്, രണ്ടു വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ റീലാണ് ചിത്രീകരിച്ചതെന്നാണ് വിവരം. വാഹനങ്ങള്‍ ആല്‍വിനെ കടന്നു പോയപ്പോള്‍ ഒരു വാഹനത്തിന്റെ വശം തട്ടുകയായിരുന്നു. ആ വാഹനത്തില്‍ത്തന്നെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
999 ഓട്ടമേറ്റീവ് എന്ന കമ്പനിക്കുവേണ്ടി പുതിയ കാറുകളുടെ റീലാണ് എടുത്തത്. കമ്പനിയുടെ ആളുകള്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.