തയ്യാറാക്കുന്ന വിധം
. ഈയൊരു രീതിയിൽ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ ബീറ്റ്റൂട്ട് എടുത്ത് തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. സാധാരണയായി ബീറ്റ്റൂട്ട് ചെറിയ രീതിയിൽ അരിഞ്ഞായിരിക്കും മിക്ക വീടുകളിലും തോരൻ വയ്ക്കാറുള്ളത്. എന്നാൽ അതിനു പകരമായി ഈ രീതിയിൽ തയ്യാറാക്കുമ്പോൾ ബീറ്റ്റൂട്ട് അല്പം കട്ടിയിൽ നീളത്തിൽ വേണം മുറിച്ചെടുക്കാൻ. ശേഷം കുറച്ച് ഇഞ്ചി എടുത്ത് അത് ഇടികല്ലിൽ വെച്ച് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. തോരനിലേക്ക് ആവശ്യമായ സവാളയും പച്ചമുളകും നീളത്തിൽ മുറിച്ചെടുത്ത് മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചെറുതായി ഒന്ന് ചൂടായി തുടങ്ങുമ്പോൾ തന്നെ അതിലേക്ക് കൃഷ് ചെയ്തുവച്ച ഇഞ്ചിയും കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റുക. ശേഷം എരുവിന് ആവശ്യമായ മുളകുപൊടിയും കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റാവുന്നതാണ്.പൊടികളുടെ പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച ബീറ്റ്റൂട്ടും, സവാളയും, പച്ചമുളകുമിട്ട് നല്ലതുപോലെ വഴറ്റി മിക്സ് ചെയ്തെടുക്കുക. ഈയൊരു കൂട്ട് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കണം. ബീറ്റ്റൂട്ട് ഒന്ന് വെന്ത് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് ഉപ്പും അല്പം കുരുമുളകുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അത്യാവശ്യം ഫ്രൈ ആയ പരുവത്തിലാണ് ഈ രീതിയിൽ തോരൻ തയ്യാറാക്കുമ്പോൾ കിട്ടുക. അതുകൊണ്ടുതന്നെ എല്ലാവർക്കും കഴിക്കാനും വളരെയധികം താല്പര്യമുണ്ടായിരിക്കും.