തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചത് അര്‍ജുന്‍തന്നെയെന്നും അപകടം ആസൂത്രിതമായിരുന്നില്ലെന്നും വിശദീകരിച്ച് ഭാര്യ ലക്ഷ്മി. ‘അര്‍ജുന്‍ ആദ്യദിവസങ്ങളില്‍ പറഞ്ഞതല്ല, പിന്നീടുപറഞ്ഞത്. ആരെങ്കിലും പറഞ്ഞുകൊടുത്തിരിക്കാം. ഉറങ്ങിപ്പോയെന്ന മൊഴി അര്‍ജുന്‍ മാറ്റിയതാണ്. ആരും അറ്റാക്ക് ചെയ്തിട്ടില്ല’, കാറിടിക്കുന്നതിനു മുന്‍പുവരെയുള്ള ദൃശ്യങ്ങള്‍ തനിക്കറിയാമെന്നും ലക്ഷ്മി പറഞ്ഞു. കാര്‍ അതിവേഗത്തിലായിരുന്നെന്നു തോന്നിയിരുന്നു. മനഃപൂര്‍വം ചെയ്തതാണെന്നു സംശയം തോന്നിയാല്‍ പരാതി കൊടുക്കില്ലേ എന്നും ലക്ഷ്മി ചേദിച്ചു.
അപകടം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ലക്ഷ്മിയുടെ ഈ വെളിപ്പെടുത്തല്‍. മകളുടെ നേര്‍ച്ചയാത്രയ്ക്കായിരുന്നു തൃശ്ശൂരിലേക്ക് പോയത്. രാത്രി തിരുവനന്തപുരത്തേക്ക് തിരിക്കുമ്പോള്‍ കാറിന്റെ മുന്‍സീറ്റിലായിരുന്നു താനെന്നും ലക്ഷ്മി പറഞ്ഞു. ഇടയ്ക്ക് അര്‍ജുന്‍ പുറത്തിറങ്ങി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി. ബാലു പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നം ഉള്ളതിനാല്‍ താന്‍ സീറ്റില്‍ കണ്ണടച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ തോന്നി. പകച്ച് ഇരിക്കുകയായിരുന്നു അര്‍ജുനും. നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ ബോധം പോയെന്നും ലക്ഷ്മി പറഞ്ഞു.
‘എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. ഞാൻ കണ്ടതും അറിഞ്ഞതും മാത്രമേ പറയാനാകൂ. കേട്ടതുംഊഹങ്ങളും പറയാനാകില്ല. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായതാണ് ഏറെ വേദനിപ്പിക്കുന്നത്’ ലക്ഷ്മി പറഞ്ഞു.