Health

ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? ഈ ഒരൊറ്റ ഇലക്കറി കഴിക്കൂ | vitamin-intake-by-eating-spinach

കാത്സ്യം, വിറ്റമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താനും മലബന്ധം അകറ്റാനും സഹായിക്കും

ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് വിളർച്ചയുണ്ടാകുന്നത്. അമിത ക്ഷീണവും തളര്‍ച്ചയുമാണ് പ്രധാന ലക്ഷണങ്ങള്‍. അയേണിന്‍റെ കുറവുള്ളവര്‍ ഡയറ്റില്‍ ചീര ഉൾപ്പെടുത്തുന്നതാണ് നല്ലത്.

കാത്സ്യം, വിറ്റമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താനും മലബന്ധം അകറ്റാനും സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ ചുവന്ന ചീരയ്ക്കു സാധിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുടെ കലവറ കൂടിയാണ് ചുവന്ന ചീര. ഇതിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ വിളർച്ച കുറയ്ക്കാനു ഇവ സഹായിക്കും. ചുവന്ന ചീരയ്ക്ക് രക്തയോട്ടം വർധിപ്പിക്കാനും കഴിയും.

ശരീരഭാരം കുറയ്ക്കാൻ വേണ്ടിയും ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ചുവന്ന ചീര. പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ആന്റിഓക്സിഡന്റുകളും നാരുകളും അടങ്ങിയതിനാൽ ചുവന്ന ചീര പ്രമേഹരോഗികൾക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും.

പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വലിയ ഗുണം ചെയ്യും. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ചീര വളരെ നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, അയൺ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. വിറ്റാമിൻ സി, കൊളാജൻ (ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനാണ് കൊളാജൻ. ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാന്യമർഹിക്കുന്ന പ്രോട്ടീൻ കൂടിയാണിത്) എന്നിവയുടെ ഉത്പാദനം കൂട്ടും. ചർമത്തിന്റെ ആരോഗ്യം കൂട്ടാനും യുവത്വം നിലനിർത്താനും ചീര കഴിക്കാം.

കൂടാതെ മുടി കൊഴിച്ചിലും പലരേയും അലട്ടുന്ന വലിയ പ്രശ്നമാണ്. കൊളാജൻ തലമുടിയുടെ വളർച്ചയ്ക്കും സഹായകരമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുടി കൊഴിച്ചിലിനെയും തടയുന്നു. ധാരാളം ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചുവന്ന ചീര ദഹനപ്രശ്നങ്ങൾ പരിഹരിക്കും. ഇതിലെ ഫൈബർ അംശം ആണ് ദഹനത്തിന് ഗുണം ചെയ്യുന്നത്.

content highlight: vitamin-intake-by-eating-spinach