കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ. സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് പോസ്റ്റർ പ്രതിഷേധം. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് വിമര്‍ശിച്ചും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പരോക്ഷമായി വിമര്‍ശിച്ചും കെഎം ഷാജിയ്ക്ക് അനുകൂലവുമാണ് പോസ്റ്റര്‍. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കയ്യിലെ കളിപ്പാവയാകരുതെന്നും മുശാവറ,വഖഫ് സ്വത്ത് കട്ടെടുത്ത വരെയും കൂട്ടുനിന്നവരെയും സമുദായം വെറുതെ വിടില്ലെന്നും പോസ്റ്ററില്‍ പറയുന്നു.
‘മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ രക്ഷിക്കൂ’, ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക’, ‘ബിനാമി താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഫത്വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര് തിരിച്ചറിയുക’, എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.